ഗൃഹനാഥനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭാര്യ അറസ്റ്റില്‍


ഇരിങ്ങാലക്കുട : കരൂപ്പടന്നയില്‍ ഗൃഹനാഥനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയെ അറസ്റ്റ് ചെയ്തു. കരൂപ്പടന്ന മേപ്പുറത്ത് അലി (65)യാണ് മരിച്ചത്.
ഭാര്യ സുഹറ (56)യാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


ബാത്ത്‌റൂമില്‍ തലയടിച്ചു വീണ്‌ പരിക്കേറ്റിട്ടാണ് അലി മരിച്ചതെന്നായിരുന്നു ഭാര്യ സുഹറ ആദ്യം പോലീസിനോട് പറഞ്ഞത്. വെള്ളാങ്ങല്ലൂര്‍ പാലിയേറ്റീവ് കെയര്‍ ട്രഷറര്‍ കൂടിയാണ് അലി. സംഭവദിവസം രാത്രി ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും തന്നെ അടിക്കാനായി അടുക്കളയില്‍നിന്നു കൊണ്ടുവന്ന മരവടി പിടിച്ചുവാങ്ങി അലിയുടെ തലയ്ക്ക് അടിക്കുകയായിരുന്നെന്നും സുഹറ പോലീസിനോടു പറഞ്ഞു.
ചവര്‍കൂനയ്ക്കിടയില്‍ ഒളിപ്പിച്ച കൊലപാതകത്തിന് ഉപയോഗിച്ച മരത്തടി തെളിവെടുപ്പിനിടെ സുഹറ പോലീസിന് കാണിച്ചുകൊടുത്തു. കൃത്യമായ തെളിവുകള്‍ നിരത്തിയുള്ള ചോദ്യംചെയ്യലിനൊടുവില്‍ സുഹറ കുറ്റം സമ്മതിക്കുകയായിരുന്നു.




Sharing is Caring