കര്‍ണാടകയില്‍ ഗണേശ ഘോഷയാത്രയ്ക്കിടെ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ചെരിപ്പെറിഞ്ഞെന്ന സംഭവത്തില്‍ നാലുപേരെ പൊലീസ് പിടികൂടി.ബെല്ലാരി സിരിഗുപ്പയിലാണ് സംഭവം. നിതേഷ് കുമാര്‍ (22), ഭീമണ (623), അശോക് (22), അഞ്ജനെയാലു (21) എന്നിവരാണ് പിടിയിലായത്.
ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ചെരിപ്പെറിഞ്ഞത് മന: പൂര്‍വം വര്‍ഗീയ സംഘര്‍ഷം ലക്ഷ്യംവെച്ചാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. നിതേഷാണ് ചെരിപ്പെറിഞ്ഞത്.

പ്രതികള്‍ക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് എ ഡി ജി പി അലോക് കുമാര്‍ പറഞ്ഞു. ഘോഷയാത്രക്കിടെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കനത്ത സുരക്ഷയൊരുക്കിയിരുന്നുവെങ്കിലും അതിനിടെ ആരാണ് ചെരിപ്പെറിഞ്ഞതെന്ന് കണ്ടെത്താനായിരുന്നില്ല.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുന്നതും.













