അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി. കെ കുഞ്ഞാലിക്കുട്ടിക്കെതിരായ അഭിഭാഷകന്റെ വെളിപ്പെടുത്തലില്‍ പ്രതിരോധവുമായി മുസ്ലിം ലീഗ്. പി ജയരാജനെതിരായ ഗുരുതര വകുപ്പുകള്‍ ഒഴിവാക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്നായിരുന്നു യുഡിഎഫ് സഹയാത്രികനായ കണ്ണൂരിലെ അഭിഭാഷകന്‍ ടി പി ഹരീന്ദ്രന്റെ വെളിപ്പെടുത്തല്‍.അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ആദ്യഘട്ടത്തില്‍ പോലീസിന് നിയമോപദേശം നല്‍കിയ അഭിഭാഷകന്‍ ടി പി ഹരീന്ദ്രനാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.
ലീഗ് പ്രവര്‍ത്തകന്റെ അരുംകൊലയില്‍ ആരോപണ വിധേയനായ പി ജയരാജന് കുഞ്ഞാലിക്കുട്ടി സംരക്ഷകവചം ഒരുക്കിയെന്ന ഗുരുതര ആരോപണം.പത്തുവര്‍ഷത്തിനുശേഷം അപവാദവും അസംബന്ധവും പ്രചരിപ്പിക്കുന്നുവെന്നാണ് ലീഗ് ജില്ലാ നേതൃത്വത്തിന്റെ ആരോപണം. നിയമ നടപടി സ്വീകരിക്കുമെന്നും പ്രതികരണം. കെ സുധാകരന്‍ അടക്കമുള്ള നേതാക്കളുമായി വ്യക്തിപരമായ അടുപ്പം സൂക്ഷിക്കുന്ന ടിപി ഹരീന്ദ്രന്റെ ആരോപണങ്ങളെ ലീഗ് നേതൃത്വത്തിന് എളുപ്പത്തില്‍ പ്രതിരോധിക്കാന്‍ ആവില്ല. ലീഗിലെ വിഭാഗീയതക്കും ആരോപണം ഇന്ധനം പകരും.

സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പരോക്ഷ പോരിനും , ആരോപണം ഒരു വിഭാഗം ലീഗണികള്‍ ഇതിനകം ആയുധമാക്കിയിട്ടുണ്ട്. ടിപി ഹരീന്ദ്രന്റെ വെളിപ്പെടുത്തലിന് പിന്നാലെ പരോക്ഷ വിമര്‍ശന സൂചന നല്‍കുന്ന ഫേസ്ബുക്ക് കുറിപ്പുമായി അരിയില്‍ ഷുക്കൂറിന്റെ സഹോദരന്‍ രംഗത്തെത്തി. വൈകാരിക വിഷയമായതിനാല്‍ കരുതലോടെ നീങ്ങനാണ് ലീഗ് നേതൃത്വത്തിന്റെ ശ്രമം.













