മണിപ്പൂരില്‍ കലാപം തുടരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര ഇന്റലിജന്‍സ്. അക്രമികള്‍ സുരക്ഷാസേനയുടെ യൂണിഫോം ധരിച്ച് വെടിവെയ്പ്പ് നടത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പൊലീസിന്റെ ആയുധശേഖരം കൊള്ളയടിക്കപ്പെട്ടന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം കേന്ദ്രസഹമന്ത്രി രാജ് കുമാര്‍ രഞ്ജന്റെ വീടിന് തീവെച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മണിപ്പൂരില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ടിട്ടും സംഘര്‍ഷം പടരുന്ന സാഹചര്യത്തില്‍ ഇംഫാന്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, ചുരന്ദ്പൂര്‍ എന്നിവടങ്ങളില്‍ കനത്ത ജാഗ്രത തുടരുകയാണ്. മുന്‍ കരസേനാ മേധാവി വേദ പ്രകാശ് മാലിക്, കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. നരേന്ദ്ര മോദിയേയും അമിത് ഷാ യേയും ടാഗ് ചെയ്താണ് അദ്ദേഹം ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഏതു നിമിഷവും ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്ന് റിട്ട. ലഫ് ജനറല്‍ നിഷികാന്ത സിംഗ് അഭിപ്രായപ്പെട്ടിരുന്നു.

മെയ്‌തെയ് വിഭാഗത്തിന്റെ പട്ടിക വര്‍ഗ പദവിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മണിപ്പൂരില്‍ സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. ജനസംഖ്യയുടെ 64 ശതമാനത്തോളം വരുന്ന ഗോത്രതര വിഭാഗമാണ് മെയ്‌തെയ്. ഇവരില്‍ ഭൂരിഭാഗവും ഹിന്ദു സമുദായത്തില്‍പ്പെട്ടവരാണ്. നാഗ, കുക്കി വിഭാഗത്തില്‍ വരുന്ന 35 ശതമാനത്തോളം ഗോത്ര വിഭാഗക്കാരില്‍ ഭൂരിഭാഗവും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരുമാണ്.













