കേന്ദ്രത്തില്‍ അധികാരത്തില്‍ വരണമെങ്കില്‍ കോണ്‍ഗ്രസ് നന്നായി പണിയെടുക്കേണ്ടി വരും ; രമേശ് ചെന്നിത്തല


നിയമസഭ തെരഞ്ഞെടുപ്പുകളിലെ പരാജയത്തിന് പിന്നാലെ ആത്മ വിമര്‍ശനവുമായി കോണ്‍ഗ്രസ്. 2024 കേന്ദ്രത്തില്‍ അധികാരത്തില്‍ വരണമെങ്കില്‍ കോണ്‍ഗ്രസ് നന്നായി പണിയെടുക്കേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുന്നണിയെ വിശാല താല്‍പര്യത്തോടെ ഒന്നിച്ചു കൊണ്ടുപോകണമെന്നും ചെന്നിത്തലയുടെ വിമര്‍ശനം. മധ്യപ്രദേശ്, രാജസ്ഥാന്‍ ഛത്തീസ്ഗഡ് എന്നീ തിരഞ്ഞെടുപ്പുകളിലെ പരാജയം കോണ്‍ഗ്രസിനെ ചെറുതായി ഒന്നുമല്ല തളര്‍ത്തിയത്.


പരാജയത്തിന് പിന്നാലെ ആത്മവിമര്‍ശനവുമായി കോണ്‍ഗ്രസിന്റെ വിവിധ നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസ് പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരിച്ചുവരാനുള്ള ശ്രമം നടത്തണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.മുന്നണിയില്‍ ചെറിയ കക്ഷിയും വലിയ കക്ഷിയും ഉണ്ടാകും. എന്നാല്‍ വിശാല താല്‍പര്യത്തോടെ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.


ഇന്ത്യ മുന്നണിയിലെ ഘടകക്ഷികളെയും കോണ്‍ഗ്രസ് നിയമസഭ തെരഞ്ഞെടുപ്പില്‍ പരിഗണിച്ചില്ലെന്ന് വിമര്‍ശനമുയരുമ്പോഴാണ് ചെന്നിത്തലയുടെ പ്രതികരണം.സിപിഐഎമ്മിന് സഖ്യത്തെക്കുറിച്ച് വിശാല കാഴ്ചപ്പാടില്ലെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. തെറ്റുകള്‍ തിരുത്തി പ്രതിപക്ഷ കക്ഷികളെ ഒന്നിച്ച് നിര്‍ത്തി മുന്നോട്ടുപോകും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജയം അസാധ്യമല്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു.



Sharing is Caring