ഒമാനില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ;പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി


ഒമാനില്‍ പലയിടത്തും കനത്ത മഴ. മഴയെ തുടര്‍ന്ന് റോയല്‍ ഒമാന്‍ പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി.ഇന്ന് (ചൊവ്വാഴ്ച) പുലര്‍ച്ചെ മുതല്‍ ഒമാന്‍റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് നിര്‍ദ്ദേശിച്ചു. മസ്കറ്റ്, സൗത്ത് അല്‍ ബത്തിന, നോര്‍ത്ത് അല്‍ ബത്തിന, അല്‍ ദഖിലിയ, മുസന്ദം, അല്‍ ദാഹിറ, അല്‍ ബുറൈമി ഗവര്‍ണറേറ്റുകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായി ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മഴയും കാറ്റും ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മുസന്ദം, നോര്‍ത്ത് ബത്തിന, ബുറൈമി ഗവര്‍ണറേറ്റുകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.


തിങ്കള്‍ മുതല്‍ ബുധന്‍ വരെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ 10 മുതല്‍ 50 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 30 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലില്‍ പോകുന്നവര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പല സ്ഥലങ്ങളിലും, വാദികള്‍ കവിഞ്ഞൊഴുകുന്ന സാഹചര്യം ഉണ്ടാകാം. തിരമാലകള്‍ 2.5 മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്.



Sharing is Caring