വിയറ്റ്നാമിന്റെ മധ്യമേഖലയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; 10 മരണം

വിയറ്റ്നാമിന്റെ മധ്യമേഖലയിൽ തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 10 മരണം. നിരവധി പേരെ കാണാതായിട്ടുണ്ടെന്നും ഇവർക്കായി തെരച്ചിൽ തുടരുകയാണെന്നും ദേശീയ ദുരന്ത നിവാരണത്തിനും നിയന്ത്രണത്തിനുമുള്ള സെൻട്രൽ സ്റ്റിയറിംഗ് കമ്മിറ്റി അറിയിച്ചു.

ഫു യെൻ പ്രവിശ്യയിൽ ആറ് പേരും ബിൻ ദിൻ പ്രവിശ്യയിൽ നാല് പേരുമാണ് മരിച്ചത്. വെള്ളപ്പൊക്കത്തെത്തുടർന്ന് 60,000-ത്തോളം വീടുകൾ വെള്ളത്തിനടിയിലാവുകയും 4,700-ലധികം വീടുകൾ ഒറ്റപ്പെടുകയും ചെയ്തിട്ടുണ്ട്. എല്ലാം ബിൻ ദിൻ, ഫു യെൻ എന്നിവിടങ്ങളിലാണ്. നവംബർ 27 മുതൽ 30 വരെ മൊത്തം 800 മില്ലിമീറ്റർ മഴ ലഭിച്ചു.

വിയറ്റ്നാമീസ് പ്രധാനമന്ത്രി ഫാം മിൻ ചിൻ ബന്ധപ്പെട്ട അധികാരികളോട് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനുമുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ ഉത്തരവിട്ടു.

ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ, വിയറ്റ്നാമിലെ പ്രകൃതിദുരന്തങ്ങൾ, പ്രധാനമായും ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, മണ്ണിടിച്ചിലുകൾ എന്നിവയിൽ 119 പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തു. 144 പേർക്ക് പരുക്കേൽക്കുകയും 3,600 ബില്യൺ വിയറ്റ്നാമീസ് ഡോങ്ങിന്റെ (158 ദശലക്ഷം യുഎസ് ഡോളർ) സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *