തിരുവനന്തപുരം: പുകയിലയ്ക്ക് എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ ‘നോ ടുബാക്കോ ക്ലിനിക്കുകള്‍’ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ ക്ലിനിക്കുകളിലൂടെ പുകയിലയുടെ ഉപയോഗം നിര്‍ത്തുന്നതിനായി കൗണ്‍സിലിംഗും പ്രത്യക ചികിത്സയും ഉറപ്പ് വരുത്തും.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ടുബാക്കോ ഫ്രീ കാമ്പസുകളാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പ് പങ്കാളിയാകുമെന്നും മന്ത്രി വ്യക്തമാക്കി. ലോക പുകയില വിരുദ്ധദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ലോകത്ത് ഓരോ വര്‍ഷവും 8 മുതല്‍ 10 ലക്ഷം പേരുടെ മരണത്തിനും അനേകം മാരക രോഗങ്ങള്‍ക്കും കാരണമാകുന്ന പുകയില ഉപയോഗത്തിനെതിരെ ജനകീയ ഇടപെടലുകളും ബോധവല്‍ക്കരണവും ലക്ഷ്യമിട്ടാണ് ലോകാരോഗ്യ സംഘടന 1988 മുതല്‍ ‘മേയ് 31’ ലോക പുകയില വിരുദ്ധ ദിനമായി ആചരിച്ച് വരുന്നത്.
‘ഭക്ഷണമാണ് വേണ്ടത് പുകയില അല്ല’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഭക്ഷ്യോത്പ്പാദനത്തിനും ഭക്ഷ്യലഭ്യതയ്ക്കും മുന്‍തൂക്കം നല്‍കി പുകയിലയുടെ കൃഷിയും ലഭ്യതയും കുറയ്ക്കുക എന്നതാണ് ഈ സന്ദേശം മുന്നോട്ടു വയ്ക്കുന്നത്.