രാജ്യത്തെ സ്വർണ, വെള്ളി ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുത്തനെ വർധിപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. ഒറ്റദിവസം കൊണ്ട് കേരളത്തിൽ സ്വർണത്തിന് പവന് 10,200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.
ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് 15,390 രൂപയായും പവന് 1,23,120 രൂപയായും ഉയർന്നു. പണിക്കൂലിയും ജി എസ് ടി യും കൂടി കണക്കിലെടുക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഉപഭോക്താവ് ഏകദേശം 1.39 ലക്ഷം രൂപയോളം ചിലവാക്കേണ്ടി വരും. 18 കാരറ്റ് സ്വർണം ഗ്രാമിന് 1,040 രൂപ വർധിച്ച് 12,640 രൂപയിലെത്തി. വെള്ളി വിലയിലും വലിയ മാറ്റമുണ്ടാകുകയും ഗ്രാമിന് 320 രൂപയായി ഉയരുകയും ചെയ്തു.

ആറ് ശതമാനമായിരുന്ന ഇറക്കുമതി തീരുവ 15 ശതമാനമാക്കിയാണ് കേന്രം ഉയർത്തിയത്. വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ ഈ നിർണ്ണായക നീക്കം. പത്ത് ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയും അഞ്ച് ശതമാനം കാർഷിക അടിസ്ഥാന സൗകര്യ വികസന സെസും (എ ഐ ഡി സി) ഉൾപ്പെടുത്തിയാണ് ആകെ നികുതി 15 ശതമാനത്തിലെത്തിയത്.
അത്യാവശ്യമില്ലാത്ത കാര്യങ്ങൾക്കായി അടുത്ത ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുവ വർധിപ്പിച്ചുകൊണ്ടുള്ള ധനമന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തുവന്നത്.













