രാജസ്ഥാനിലെ വിമത പ്രവര്‍ത്തനങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് ഗെഹ്ലോട്ട്


രാജസ്ഥാന്‍ മുഖ്യമന്ത്രി പദം കൈവിട്ടു പോകാതിരിക്കാന്‍ നടത്തിയ വിമത പ്രവര്‍ത്തനങ്ങള്‍ക്ക് മാപ്പ് ചോദിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട്.കോണ്‍ഗ്രസ് ലജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തിനായി രാജസ്ഥാനിലെത്തി അപമാനിതനായ കേന്ദ്ര നിരീക്ഷകന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോടാണ് ഗെഹ്ലോട്ട് മാപ്പ് പറഞ്ഞത്.


കേന്ദ്ര നിരീക്ഷകരുടെ നേതൃത്വത്തില്‍ യോഗം വിളിച്ച ശേഷം അതില്‍ പ​ങ്കെടുക്കാതെ സമാന്തരയോഗം നടത്തിയത് തെറ്റായിപ്പോയി. അത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും പക്ഷേ, തനിക്ക് ​ഒന്നും ചെയ്യാനുണ്ടായിരുന്നില്ലെന്നും ഗെഹ്ലോട്ട് ഖാര്‍ഗെയോട് പറഞ്ഞുവെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും കോണ്‍ഗ്രസിനെ അപമാനിച്ച സംഭവം നേതൃത്വം ക്ഷമിക്കില്ലെന്നാണ് സൂചന.


ഗെഹ്ലോട്ട് നാളെ എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെര​​ഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക കൊടുക്കേണ്ടതാണ്. എന്നാല്‍, വിമത പ്രവര്‍ത്തനങ്ങള്‍ മൂലം മറ്റൊരു വിശ്വസ്തനെ ഗാന്ധി കുടുംബം തേടുന്നു​വെന്നാണ് വാര്‍ത്തകള്‍. കഴിഞ്ഞ ദിവസം കമല്‍ നാഥിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍, താന്‍ പ്രസിഡന്റാകാനി​ല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാന്‍ പ്രതിസന്ധി പരിഹരിക്കാന്‍ കമല്‍നാഥ് ഇടനിലക്കാരനാകുമെന്നാണ് കരുതുന്നത്.



Sharing is Caring