ടെഹ്‌റാനിലെ ജയിലില്‍ തടവിലായിരുന്ന നാല് യുഎസ് പൗരന്മാരെ വീട്ടുതടങ്കലിലേക്ക് മാറ്റി


ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ ജയിലില്‍ തടവിലായിരുന്ന നാല് യുഎസ് പൗരന്മാരെ വീട്ടുതടങ്കലിലേക്ക് മാറ്റി.അമേരിക്കൻ വ്യവസായികളായ സിയാമാക് നമാസി, ഇമാദ് ഷാര്‍ഗി, പരിസ്ഥിതി പ്രവര്‍ത്തകൻ മൊറാദ് തഹ്ബാസ് എന്നിവരെയും പേരു വെളിപ്പെടുത്താത്ത മറ്റൊരാളെയുമാണ് ജയിലില്‍നിന്ന് മാറ്റിയത്. വിവിധ കേസുകളിലായാണ് ഇവര്‍ ഇറാന്റെ പിടിയിലായത്. ഇവരെ ഉടൻ വിട്ടയച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.


ഇവരെ വിട്ടയയ്ക്കാനുള്ള ഇറാന്റെ തീരുമാനത്തിന്റെ ആദ്യപടിയായി ഈ നടപടിയെ കാണാമെന്നാണ് അഭിഭാഷകര്‍ വിലയിരുത്തുന്നത്. നാലുപേരുടെയും മോചനം ഏതാനും വര്‍ഷങ്ങളായി യുഎസ് ആവശ്യപ്പെടുന്നുണ്ട്. നമാസി 2016ലും തഹ്ബാസ് 2018ലും ഷാര്‍ഗി 2020ലുമാണ് ഇറാന്റെ പിടിയിലാകുന്നത്. ഇവരെ വിട്ടയയ്ക്കുന്നതിലൂടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധം മെച്ചപ്പെടുമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.




Sharing is Caring