മുട്ടിൽ മരം മുറിക്കേസിൽ തുടർ നടപടി സ്വീകരിക്കുന്നതിൽ വ്യക്തത തേടി വനം വകുപ്പ്


വയനാട് മുട്ടിൽ മരം മുറിക്കേസിൽ തുടർ നടപടി സ്വീകരിക്കുന്നതിൽ വ്യക്തത തേടി വനം വകുപ്പ്. പൊലീസിന്റെ പ്രത്യേക സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. അതിനാൽ വനംവകുപ്പ് തുടർ നടപടി സ്വീകരിക്കണോ എന്ന കാര്യത്തിലാണ് വ്യക്തത വേണ്ടത്. ഇക്കാര്യത്തിൽ വനം വകുപ്പ് നിയമോപദേശം തേടിയിരിക്കുകയാണ്.ഇതുവരെ കേസിൽ കുറ്റപത്രം നൽകിയിട്ടില്ല. പൊലീസിന്റെ പ്രത്യേക സംഘം, കേസ് അന്വേഷിക്കുന്നതിനാൽ, വനംവകുപ്പ് കുറ്റപത്രം നൽകേണ്ടതില്ല എന്നാണ് വിലയിരുത്തൽ. ഇക്കാര്യം ഉറപ്പാക്കാനാണ് ഡയറക്ടറൽ ജനറൽ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയത്.


വനം വകുപ്പ് കേസുകളിൽ പരമാവധി ആറുമാസം തടവോ പിഴയോ ആകും ശിക്ഷ. എന്നാൽ പൊലീസ് അന്വേഷണത്തിൽ പൊതുമുതൽ നശിപ്പിച്ച കുറ്റം ചുമത്തിയിട്ടുണ്ട്. ഇതാണ് വനംവകുപ്പ് നിയമോപദേശം തേടാൻ ഒരു കാരണം. നിയമോപദേശം ലഭിക്കുന്നതിന് അനുസരിച്ചാകും തുടർ നടപടി.ഒരേ സമയം റവന്യൂ, വനം , പൊലീസ് അന്വേഷണ റിപ്പോർട്ടുകൾ വന്നാലേ കുറ്റക്കാരെ ശിക്ഷിക്കാനും പിഴയീടാക്കാനും കഴിയൂ എന്നാണ് വിലയിരുത്തൽ. അല്ലെങ്കിൽ തുടരന്വേഷണമോ, പുതിയ ഏജൻസിയെ കേസ് ഏൽപ്പിക്കലോ ഒക്കെ വന്നേക്കാം. ഇതെല്ലാം പ്രതികൾ രക്ഷപ്പെടാനേ വഴിയൊരുക്കൂ എന്നാണ് വാദം.




Sharing is Caring