ക്ഷേമപെന്‍ഷന്‍ കുടിശ്ശികയില്‍ ഒരുമാസത്തെ കുടിശ്ശിക നല്‍കാന്‍ ധനവകുപ്പ് തീരുമാനം


അഞ്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശ്ശികയില്‍ ഒരുമാസത്തെ കുടിശ്ശിക നല്‍കാന്‍ ധനവകുപ്പ് തീരുമാനം. 2000 കോടിയുടെ വായ്പയെടുത്ത് ക്രിസ്മസിന് മുന്‍പ് തുക ലഭ്യമാക്കാനാണ് നടപടി.
ഡിസംബര്‍ കൂടി ചേര്‍ത്താല്‍ അഞ്ച് മാസത്തെ കുടിശികയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ നിലവിലുള്ളത്. ഇതില്‍ ഓഗസ്റ്റ് മാസത്തെ പെന്‍ഷനാണ് ക്രിസ്മസിന് മുന്‍പ് ഗുണഭോക്താക്കള്‍ക്ക് എത്തിക്കുന്നത്.


നിലയില്ലാക്കയത്തിലെന്ന പോലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് ഇത്രയധികം കുടിശിക വന്നത്. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുത്ത 3140 കോടി രൂപ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയ നടപടി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര് തല്‍ക്കാലത്തേക്ക് മരവിപ്പിച്ചിരുന്നു. ഇതോടെ 2000 രൂപയുടെ കടപത്രം അടിയന്തരമായി ഇറക്കാന്‍ ധനവകുപ്പ് നടപടികളും തുടങ്ങിയിട്ടുണ്ട്.


രണ്ട് മാസത്തെ പെന്‍ഷന്‍ നല്‍കാനായേക്കുമെന്ന് കരുതിയിരുന്നെങ്കിലും മറ്റ് അത്യാവശ്യ ചെലവുകള്‍ക്ക് കണ്ടെത്തേണ്ട തുക കൂടി കണക്കിലെടുത്താണ് ഒരു മാസത്തെ മാത്രം കുടിശിക നല്‍കാന്‍ തീരുമാനിച്ചത്. നവകേരള സദസ്സ് തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ജൂലൈയിലെ കുടിശ്ശിക നല്‍കിയത്. മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയ 50 ലക്ഷത്തോളം പേരാണ് പെന്‍ഷന്‍ പട്ടികയില്‍ നിലവിലുള്ളത്. കേന്ദ്ര നടപടിയില്‍ താല്‍കാലിക ആശ്വാസം ആയെങ്കിലും സാമ്പത്തിക വര്‍ഷാവസാന ചെലവുകള്‍ സര്‍ക്കാരിന് മുന്നില്‍ വലിയ വെല്ലുവിളിയായി തുടരുകയാണ്



Sharing is Caring