മലയാള സിനിമയിലെ യുവ എഡിറ്റര്‍ നിഷാദ് യൂസഫ് (43)ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍. കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ലാറ്റിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ നാലുമണിയോടെയാണ് സംഭവം. ഭാര്യയ്ക്കും രണ്ടു കുഞ്ഞുങ്ങള്‍ക്കുമൊപ്പമാണ് അദ്ദേഹം ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററാണ് നിഷാദ് യൂസഫ്. ഹരിപ്പാട് സ്വദേശിയാണ്.
ചാവേര്‍, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ, തല്ലുമാല തുടങ്ങിയവയാണ് ആ ഹിറ്റ് ചിത്രങ്ങള്‍. 2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ എന്നിവ റിലീസ് ആകാനിരിക്കേയാണ് മരണം. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
എന്താണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. പൊലീസ് വിശദമായ പരിശോധന നടത്തുന്നുണ്ട്. അസ്വഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം.