നാവികര്‍ക്ക് സവിശേഷ പ്രവാസി സേവിങ്സ് അക്കൗണ്ടുമായി ഫെഡറല്‍ ബാങ്ക്

കൊച്ചി: നാവികര്‍ക്ക് ആയാസരഹിത ബാങ്കിംഗ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി ഫെഡറല്‍ ബാങ്ക് സവിശേഷ പ്രവാസി സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു. ലോകത്ത് എവിടെയാണെങ്കിലും ഏതു സമയത്തും ഡിജിറ്റല്‍ ബാങ്കിങ് ഇടപാടുകള്‍ തടസ്സമില്ലാതെ നടത്താനുള്ള സൗകര്യങ്ങള്‍ പുതിയ അക്കൗണ്ട് സ്കീമില്‍ ലഭ്യമാണ്. എന്‍.ആര്‍.ഇ, എന്‍.ആര്‍.ഒ എന്നീ രണ്ട് വിഭാഗങ്ങളിലും ലഭ്യമായ പുതിയ പ്രവാസി അക്കൗണ്ടിനൊപ്പം എയര്‍പോര്‍ട് ലോഞ്ച് ആക്സസ് ഉള്ള പ്രീമിയം ഡെബിറ്റ് കാര്‍ഡ്, ഇന്ത്യയിലേക്ക് പണമയക്കുമ്പോള്‍ മികച്ച വിനിമയ നിരക്ക്, ലിങ്ക് ചെയ്ത സീറോ ബാലന്‍സ് എന്‍.ആര്‍.ഒ അക്കൗണ്ട്, മികച്ച ഫിനാന്‍ഷ്യല്‍ പ്ലാനിങ്, വെല്‍ത്ത് മാനേജ്മെന്‍റ് സേവനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

‘പ്രവാസി ഇടപാടുകാര്‍ക്ക് മികച്ച സേവനം പ്രദാനം ചെയ്യുന്നതില്‍ ഫെഡറല്‍ ബാങ്ക് എന്നും മുന്‍നിരയിലാണ്. പ്രവാസി ഇടപാടുകളുടെ 6.6 ശതമാനവും പ്രവാസി റെമിറ്റന്‍സിന്‍റെ 17 ശതമാനത്തിലേറെയും വിപണി വിഹിതമുള്ള ഫെഡറല്‍ ബാങ്കിന്‍റെ സേവനങ്ങള്‍ പ്രധാനമായും ഡിജിറ്റല്‍ സംവിധാനങ്ങളില്‍ ഊന്നിയുള്ളതാണ്. നാവികര്‍ക്കു വേണ്ടിയുള്ള അക്കൗണ്ട് സ്കീമും ഈ ദിശയിലുള്ള പുതിയ ചുവടുവയ്പ്പാണ്. വളരുന്ന സമുദ്രവ്യവസായ മേഖലയുടെ ഭാഗമായ ഇടപാടുകാരെ സംബന്ധിച്ചിടത്തോളം നിരവധി സവിശേഷതകളുള്ള വളരെ ആകര്‍ഷകമായ ഒരു അക്കൗണ്ട് സ്കീമാണിത്’- അക്കൗണ്ട് സ്കീം ഔദ്യോഗികമായി അവതരിപ്പിച്ചുകൊണ്ട് ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പ്രസ്താവിക്കുകയുണ്ടായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *