ഫെഡറല്‍ ബാങ്കും ചോളമണ്ഡലവും ഇന്‍ഷുറന്‍സ് പങ്കാളിത്തത്തിന് ധാരണ

കൊച്ചി: ഇടപാടുകാര്‍ക്ക് വാണിജ്യ വാഹന, ഉപകരണ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിന് ചോളമണ്ഡലം എംഎസ് ജനറല്‍ ഇന്‍ഷുറന്‍സുമായി ഫെഡറല്‍ ബാങ്ക് ബാങ്കഷ്വറന്‍സ് പങ്കാളിത്തത്തിന് ധാരണയിലെത്തി. ഈ സഹകരണത്തിലൂടെ ഫെഡറല്‍ ബാങ്ക് ഇടപാടുകാര്‍ക്ക് ലളിതവും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതും ഡിജിറ്റലുമായ വിവിധ ഇന്‍ഷുറന്‍സുകള്‍ പദ്ധതികള്‍ രാജ്യത്തുടനീളം ലഭിക്കുന്നതാണ്. ഫെഡറല്‍ ബാങ്കിന്റെ എല്ലാ ശാഖകളിലും ഈ സേവനം ലഭ്യമായിരിക്കും.

‘ഇടപാടുകാര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങളും ഉത്പന്നങ്ങളും ഉറപ്പാക്കുക എന്നതാണ് ഫെഡറല്‍ ബാങ്കിന്റെ എക്കാലത്തേയും നയം. വാണിജ്യ വാഹന, ഉപകരണ രംഗത്തെ ഞങ്ങളുടെ ഇടപാടുകാര്‍ക്ക് ആവശ്യാനുസരണമുള്ള ഇന്‍ഷുറന്‍സ് സേവനം ലഭ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ചോള എംഎസുമായുള്ള ബാങ്കഷ്വറന്‍സ് പങ്കാളിത്തം’. ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു. ഈ സഹകരണത്തിലൂടെ ലോകോത്തര സേവനങ്ങള്‍ ഫെഡറല്‍ ബാങ്ക് ഇടപാടുകാര്‍ക്ക് ലഭ്യമാവുമെന്നും അവര്‍ പറഞ്ഞു.

ഫെഡറല്‍ ബാങ്കുമായുള്ള പങ്കാളിത്തം തങ്ങളുടെ വിതരണ ശൃംഖല കൂടുതല്‍ വിപുലീകരിക്കാന്‍ സഹായിക്കുകയും മികച്ച വളര്‍ച്ചാ അവസരങ്ങളൊരുക്കുമെന്നും ചോള എംഎസ് എംഡി വി. സൂര്യനാരായണന്‍ പറഞ്ഞു. ‘വാണിജ്യ വാഹന, ഉപകരണ ഫിനാന്‍സ് രംഗത്ത് ഫെഡറല്‍ ബാങ്കിന്റെ വിപുലമായ സാന്നിധ്യം മികച്ച അവസരമാണ് നല്‍കുന്നത്. 26 സംസ്ഥാനങ്ങളിലുടനീളമുള്ള ഞങ്ങളുടെ 600 ലേറെ ശാഖകള്‍ വഴി ഭാവന- വാഹന- ആരോഗ്യ ഇന്‍ഷുറന്‍സ് പോലത്തെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ഇടപാടുകാരുടെ ആവശ്യത്തിനനുസരിച്ച് ലഭ്യമാക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നതാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *