മുഷിഞ്ഞ വസ്ത്രത്തിന്റെ പേരിൽ കർഷകന് ബെംഗളൂരു മെട്രോയിൽ യാത്ര നിഷേധിച്ചു. മുഷിഞ്ഞ വേഷത്തിൽ വന്ന കർഷകനെ മെട്രോ സ്റ്റേഷനിൽ സുരക്ഷാ ജീവനക്കാർ തടയുക ആയിരുന്നു. തലയിൽ ചെറിയ ഭാണ്ഡക്കെട്ടുമായെത്തിയ വയോധികനായ കർഷകൻ ടിക്കറ്റെടുത്ത ശേഷം രാജാജിനഗർ മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിക്കാനെത്തിയപ്പോൾ മുഷിഞ്ഞ വേഷത്തിൽ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നു പറഞ്ഞ് തടയുകയായിരുന്നു.
ഭാണ്ഡക്കെട്ട് പരിശോധിച്ചപ്പോൾ ഏതാനും തുണികളല്ലാതെ മറ്റൊന്നുമില്ലെന്നു വ്യക്തമായെങ്കിലും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നു പറഞ്ഞ് തിരിച്ചയക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് കാർത്തിക് സി ഐറാനി എന്ന യാത്രക്കാരൻ രംഗത്തെത്ത വന്നു. വയോധികനായ കർഷകനെ ചൂണ്ടിക്കാണിച്ചുകൊണ്ട് മെട്രോയിൽ യാത്ര ചെയ്യുന്നതിനായി പ്രത്യേക വസ്ത്രം ധരിക്കണമെന്ന് നിയമമുണ്ടോ എന്നും അധികൃതരോട് കാർത്തിക് ചോദിക്കുന്നുണ്ട്. ഇതിന്റെ ദൃശ്യം ഇയാൾ സാമൂഹിക മാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
‘അദ്ദേഹം ഒരു കർഷകനാണ്, മെട്രോയിൽ യാത്ര ചെയ്യാൻ വേണ്ട ടിക്കറ്റ് കൈവശമുണ്ട്. മെട്രോയിൽ കൊണ്ടുവരുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന ഒരു സാധനവും ഇദ്ദേഹത്തിന്റെ ചാക്കിൽ ഇല്ല. വസ്ത്രങ്ങൾ മാത്രമേയുള്ളൂ. എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് പ്രവേശനം നിഷേധിക്കുന്നത്? മെട്രോയിലെ യാത്രക്കാർക്ക് ഡ്രസ് കോഡ് നിർബന്ധമാക്കുന്ന ഒരു നിയമം ഉണ്ടോ’ എന്നും ഇത് വിഐപികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ഗതാഗതമാണോ എന്നും അദ്ദേഹം ചോദിച്ചു.