അപര്‍ണ ബാലമുരളിയെ അപമാനിച്ച വിദ്യാര്‍ത്ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി എറണാകുളം ലോ കോളേജ്


നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാര്‍ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി എറണാകുളം ലോ കോളേജ്. അതിക്രമത്തില്‍ നടപടി എടുക്കുമെന്ന് കോളേജ് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇന്നു തന്നെ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടിയെടുക്കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.


കഴിഞ്ഞ ദിവസമാണ് യൂണിയന്‍ ഉദ്ഘാടനത്തോടൊപ്പം തങ്കം സിനിമയുടെ പ്രമോഷന് കൂടി എത്തിയ അപര്‍ണ ബാലമുരളിയോട് ലോ കോളജിലെ വിദ്യാര്‍ഥി മോശമായി പെരുമാറിയത്. നടിക്ക് പൂ കൊടുക്കാനായി വേദിയില്‍ കയറിയ വിദ്യാര്‍ഥി അപര്‍ണയുടെ കൈയില്‍ പിടിക്കുകയും തോളില്‍ കൈയിടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ നടി അനിഷ്ടം പ്രകടിപ്പിച്ചു. എന്താടോ ലോ കോളജ് അല്ലേ എന്ന് അപര്‍ണ ചോദിക്കുകയും ചെയ്തിരുന്നു.




Sharing is Caring