നേപ്പാള്‍ വിമാനാപകടത്തിൽ എഞ്ചിനുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്


നേപ്പാളില്‍ വിമാനം തകര്‍ന്നുവീണ് 71 യാത്രക്കാര്‍ മരിക്കാനിടയായ സംഭവത്തില്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും രണ്ട് എഞ്ചിനുകളിലെയും പ്രൊപ്പല്ലേഴ്സ് ഫെതറിങ് പൊസിഷനിലാവുകയും ചെയ്തതോടെയാണ് അപകടത്തിനിടയാക്കിയതെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്.


മാനുഷികമായ അബദ്ധങ്ങളുമാകാം നിയന്ത്രണം നഷ്ടപ്പെടാനിടയാക്കിയതെന്നും സംശയിക്കുന്നു.


നേപ്പാളിലെ പൊഖാറയിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ ജനുവരി 15നാണ് യതി എയര്‍ലൈനിന്റെ വിമാനം മലയിടുക്കില്‍ തകര്‍ന്നുവീണത്. വിമാനത്തിന്റെ പ്രൊപ്പല്ലറുകള്‍ രണ്ടും വിമാനം ഇറങ്ങി അവസാനമാകുമ്ബോള്‍ എങ്ങനെയാണോ ഉണ്ടാകേണ്ടത് അതേ അവസ്ഥയിലായിരുന്നു അപകടസമയത്ത് ഉണ്ടായിരുന്നത്.

പ്രൊപ്പല്ലറുകള്‍ ഫെതര്‍ പൊസിഷനില്‍ എന്നതിനര്‍ഥം വിമാനം മുന്നോട്ടു പോകാനുള്ള ഊര്‍ജം എഞ്ചിനുകളില്‍ നിന്ന് ലഭിച്ചിരുന്നില്ലെന്നാണ്. അതായത് അപകട സമയത്ത് എഞ്ചിനുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. എന്നാല്‍ ഫ്ലൈറ്റ് ഡാറ്റാ റെക്കോര്‍ഡ് പരിശോധിച്ചപ്പോള്‍ എഞ്ചിനുമായി ബന്ധപ്പെട്ട വിവരങ്ങളിലൊന്നും അസാധാരണത്വം കണ്ടെത്തിയിട്ടില്ല.

വിമാനത്തിന്റെ ചിറകുകള്‍ ക്രമീകരിക്കുന്നതില്‍ വിമാനത്തിലുണ്ടായിരുന്ന രണ്ട് ക്യാപ്റ്റന്‍മാരും തമ്മില്‍ ആശയ വിനിമയ കുഴപ്പം നേരിട്ടിട്ടുണ്ട്. ഒരു ക്യാപ്റ്റന്‍ ഫ്ലാപ് 30 എന്ന് ആവശ്യപ്പെടുകയും മറ്റേയാള്‍ അത് ആവര്‍ത്തിക്കുകയും ചെയ്തിട്ടും ഫ്ളാപ്പ് 15 ല്‍ നിന്ന് ചിറകുകള്‍ക്ക് വ്യതിയാനമൊന്നും രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍ ഈ അപകടത്തിലെ മാനുഷിക ഘടകത്തെ അവഗണിക്കാനാവില്ല. അത് അന്വേഷിക്കേണ്ട വിഷയമാണെന്നും അംഗങ്ങള്‍ വ്യക്തമാക്കി.

വിമാന അപകടത്തില്‍ അഞ്ച് ഇന്ത്യക്കാരും നാല് ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 71 പേര്‍ മരിക്കുകയും ഒരാളെ കാണാതാവുകയുമായിരുന്നു. കാണാതായ ആള്‍ മരിച്ചുവെന്നാണ് കരുതുന്നത്.



Sharing is Caring