
ഇടുക്കി വെൺമണിയിൽ മരുമകന്റെ കുത്തേറ്റ് വയോധികൻ മരിച്ചു. വെൺമണി തെക്കൻതോണി തോട്ടത്തിൽ ശ്രീധരൻ (65) ആണ് മരിച്ചത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണം. കൊലചെയ്ത മരുമകൻ കുഞ്ഞുകുട്ടൻ (35) എന്ന് വിളിക്കുന്ന അലക്‌സിനെ കഞ്ഞിക്കുഴി പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതി അലക്‌സ് ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നു. ഇതിനെ തുടർന്ന് ഭാര്യ സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്.
ഈസ്റ്റർ ദിനത്തിൽ കുടുംബാംഗങ്ങളെല്ലാം ശ്രീധരന്റെ ഭാര്യാ സഹോദരന്റെ വീട്ടിൽ ഒത്തുചേർന്നതായിരുന്നു. ഇവിടേക്കെത്തിയ അലക്‌സ് ബന്ധുക്കളുമായി വാക്കേറ്റമുണ്ടാക്കുകയും ഇതിനിടെ കയ്യിൽ കരുതിയ കത്തിയെടുത്ത് ശ്രീധരനെ കുത്തുകയുമായിരുന്നു.സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട അലക്‌സിനെ വൈകീട്ട് ഏഴ് മണിയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

