എലത്തൂർ ആക്രമണ കേസ് പ്രതി ഷാറൂഖ് സൈഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകാൻ സാധ്യത

എലത്തൂർ ആക്രമണ കേസ് പ്രതി ഷാറൂഖ് സൈഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകാൻ സാധ്യത. ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ച ഷാറൂഖിനെ ഇന്ന് വിശദമായ വൈദ്യപരിശോധനക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കും. തുടർന്ന് ഡോക്ടർമാരുടെ മെഡിക്കൽ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.ആക്രമണം നടത്തിയത് ഒറ്റക്കാണെന്നും മറ്റാർക്കും ബന്ധമില്ലെന്നും ആവർത്തിക്കുകയാണ് പ്രതി.

ആക്രമണത്തിനിടെ മൂന്നുപേർ മരിക്കാനിടയ സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും താൻ ആരെയും തള്ളിയിട്ടില്ലെന്നും ഷാറൂഖ് മൊഴി നൽകി.അതിനിടെ ഷാറൂഖിന് പെട്രോൾ വാങ്ങാൻ ലഭിച്ച ഷൊർണൂരിലെ പ്രദേശികബന്ധം സംബന്ധിച്ച് കേന്ദ്ര ഏജൻസികൾക്ക് കൃത്യമായ വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ഇതു കൊണ്ടാണ് തൊട്ടടുത്ത പെട്രോൾ പമ്പ് ഒഴിവാക്കി മറ്റൊരു പെട്രോൾ പമ്പ് പ്രതി തെരഞ്ഞെടുത്തത് എന്നാണ് നിഗമനം. പ്രതിയുടെ രണ്ട് വർഷത്തെ നീക്കങ്ങൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. പ്രതിയുടെ തീവ്രവാദ ബന്ധം കണ്ടെത്താൻ കേന്ദ്ര ഏജൻസികൾ സൈബർ പരിശോധന ആരംഭിച്ചു.

കേസ് തീവ്രവാദ സ്വഭാവമുള്ളതെന്നാണ് എൻഐഎയുടെ പ്രാഥമിക റിപ്പോർട്ട്. ആസൂത്രിത ആക്രമണമാണ് ഉണ്ടായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. കേസിന്റെ അന്തർ സംസ്ഥാന ബന്ധത്തിൽ സമഗ്രാന്വേഷണം വേണമെന്നാണ് എൻഐഎ ആവശ്യം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് എൻഐഎ സംഘം റിപ്പോർട്ട് കൈമാറി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *