നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഇഡി വീണ്ടും ചോദ്യം ചെയ്യും


ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.


യങ് ഇന്ത്യ എന്ന കമ്പനിയിലേക്ക് 2019 വരെ ഷെല്‍ കമ്പനികളില്‍ നിന്ന് പണം കൈമാറ്റം ചെയ്യപ്പെട്ടുവെന്ന രേഖകള്‍ റെയ്ഡുകളില്‍ കണ്ടെത്തിയതായതായാണ് ഇ.ഡി. വൃത്തങ്ങള്‍ പറയുന്നത്. യങ് ഇന്ത്യ കമ്പനിയിലെ 76 ശതമാനം ഓഹരികളുടെ ഉടമകള്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ്. അതിനാലാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാന്‍ ഇ.ഡി. ആലോചിക്കുന്നത്.അതേസമയം ഇ.ഡി. സംഘം കഴിഞ്ഞ വർഷം സോണിയ ഗാന്ധിയെ മൂന്ന് ദിവസവും, രാഹുൽ ഗാന്ധിയെ അഞ്ച് ദിവസവും ചോദ്യം ചെയ്തിരുന്നു.


നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട പണമിടപാടുകളെക്കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്ന നിലപാടാണ് സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും ഇ.ഡി.യുടെ ചോദ്യം ചെയ്യലിനിടെ സ്വീകരിച്ചിരുന്നത്. കോണ്‍ഗ്രസിന്റെ മുന്‍ ട്രഷറർ പരേതനായ മോത്തിലാല്‍ വോറയാണ് സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടത്തിയിരുന്നത് എന്നാണ് ഇരുവരും മൊഴി നൽകിയിരുന്നത് .



Sharing is Caring