കേരളത്തിൽ വികസനം തകർക്കുകയാണ് ഇ ഡി ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇപ്പോൾ വികസനം നടക്കുന്നത് കിഫ്ബിയിലൂടെയാണ് അതുകൊണ്ടാണ് കിഫ്ബിക്കെതിരായ ഇ ഡി നീക്കമെന്ന് പിണറായി വിജയൻ പറഞ്ഞു. കേരളത്തെ ഒഴിച്ചുനിർത്തയാണോ രാജ്യത്തിൻറെ വികസനമെന്ന് മുഖ്യമന്ത്രി ചോദിച്ചു. കിഫ്ബിയെ എൽഡിഎഫ് സർക്കാർ പുനരുജ്ജീവിപ്പിച്ചെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സിപിഐഎം കൊല്ലം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗാളിൽ അധികാരത്തിലെത്തിയ തൃണമൂൽ കോൺഗ്രസ് അക്രമം അഴിച്ചുവിട്ട് ജീവിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചു. വോട്ടെടുപ്പിന് പോലും ജനങ്ങൾക്ക് പോകാൻ കഴിയാത്ത സാഹചര്യമുണ്ടായി. തൃപുരയിൽ കോൺഗ്രസ് ഒന്നടങ്കം ബിജെപിയായി. തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു. ഈ രണ്ടിടങ്ങളിലും സിപിഐഎമ്മിന് പ്രവർത്തിക്കാനാവുന്നില്ല. ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടികൾ ഇതിനെ എതിർക്കുന്നില്ല. ആക്രമണം സിപിഐഎമ്മിന് എതിരായതിനാൽ അവർക്ക് മനസുഖം ഉണ്ടാകുന്നു.

മാധ്യമങ്ങളും ഇതിനെതിരെ അരയക്ഷരം എഴുതാൻ തയ്യാറാവുന്നില്ല. കോർപറേറ്റ് ശക്തികളാണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. കോർപറേറ്റുകൾ ഇടതുപക്ഷത്തെ അലോസരമായി കാണുന്നു. മാധ്യമങ്ങൾ ഈ സംസ്ഥാനങ്ങളിലെ ആക്രമണങ്ങൾക്കെതിരെ പ്രതികരിക്കുന്നില്ല.കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല. കേന്ദ്ര സർക്കാർ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിൽ കാര്യമായി ഇടപെടുന്നു. ഇതിനെതിരെയും മാധ്യമങ്ങൾ പ്രതികരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് തുടർഭരണം വന്നതിൽ യുഡിഎഫിനും ബിജെപിക്കും പകയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ചില പ്രദേശങ്ങളും വിഭാഗങ്ങളും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് യുഡിഎഫ് കരുതി. എന്നാൽ അങ്ങനെയൊന്ന് ഇന്നില്ല. പണ്ട് ചില ജനവിഭാഗങ്ങൾക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധതയുണ്ടായിരുന്നു. പിന്നീട് ഇവർ സിപിഐഎമ്മിനൊപ്പം ചേർന്നു- മുഖ്യമന്ത്രി പറഞ്ഞു.













