കിഴക്കന്‍ ഉക്രെയ്‍നിലുണ്ടായ ബോംബാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു


ഉക്രെയ്‍നിലെ കിഴക്കന്‍ മേഖലയായ ലുഹന്‍സ്‍കില്‍ സ്കൂള്‍ കെട്ടിടത്തിനെതിരെയുണ്ടായ ബോംബാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍. തൊണ്ണൂറോളം പേർ അഭയം പ്രാപിച്ചിരുന്ന സ്കൂളിലാണ് റഷ്യ സെെന്യം ആക്രമണം നടത്തിയതെന്നും തീപിടിത്തമുണ്ടായതായും മേഖല ഗവര്‍ണര്‍ അറിയിച്ചു. നാല് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും പ്രാദേശിക ഭരണകൂടം അറിയിച്ചു. 30 പേരെ രക്ഷപ്പെടുത്തിയതില്‍ ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സാധാരണക്കാരെ ലക്ഷ്യമിട്ട് റഷ്യ ആക്രമണം നടത്തുകയാണെന്ന് ഉക്രെയ്ന്‍ ആരോപിച്ചു.


അതിനിടെ, മരിയുപോളിലെ അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെയും ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസിന്റെയും സഹായത്തോടെ 300 സാധരണക്കാരെ ഒഴിപ്പിച്ചതായി പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‍കി അറിയിച്ചു. പ്ലാന്റിനുള്ളിലെ സെെനികര്‍ കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലാന്റില്‍ അവശേഷിക്കുന്ന സെെനികരെ രക്ഷിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് സെലെൻസ്‍കി അറിയിച്ചു. പ്ലാന്റിൽ നിന്ന് 176 സാധാരണക്കാരെ ഒഴിപ്പിച്ചതായി ഡോണ്‍ബാസ് മേഖല അധികൃതരും അറിയിച്ചു. കരിങ്കടലില്‍ സ്നേക്ക് ഐലന്‍ഡിന് സമീപം റഷ്യയുടെ യുദ്ധക്കപ്പല്‍ തകര്‍ത്തതായി ഉക്രെയ്‍ന്‍ അവകാശപ്പെട്ടു.

online news portal



Sharing is Caring