
ഡോ. വന്ദനാ ദാസിന്റെ മരണത്തില്‍ പൊലീസിനെതിരെ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. വന്ദനാ ദാസിനെ പൊലീസ് അറിഞ്ഞുകൊണ്ട് മരണത്തിന് വിട്ടുകൊടുത്തു എന്നാണ് സുരേഷ് ഗോപി ആരോപിക്കുന്നത്.
സന്ദീപിനെ ഡോക്ടറുടെ അടുത്ത് എന്തുകൊണ്ട് ഒറ്റയ്ക്കാക്കി എന്നാണ് സുരേഷ് ഗോപി ചോദിക്കുന്നത്.”ആ വന്ന പൊലീസുകാരില്‍ ഒരാളുടെ അല്ലെങ്കില്‍ എല്ലാവരുടെയും ഒരു അടുത്ത ബന്ധുവും രക്തബന്ധമുള്ള കുട്ടിയുമായിരുന്നു ആ ഡോക്ടറെങ്കില്‍ അവര്‍ ഈ പറയുന്ന 50 മീറ്റര്‍ അല്ലെങ്കില്‍ 100 മീറ്റര്‍ വിട്ടു നില്‍ക്കുമായിരുന്നോ?””എന്റെ പെങ്ങളുടെ മോളാണ് എന്നൊരു ബോധ്യം അവര്‍ക്ക് സത്യത്തില്‍ ഉണ്ടായിരുന്നെങ്കില്‍, അവര്‍ അവളെ ഒറ്റയ്ക്ക് വിട്ടിട്ട് പോകുമായിരുന്നോ? അവിടെ നിയമം പറയുമായിരുന്നോ? ഇത്രയും മാത്രമേ എനിക്ക് ആ ഉദ്യോഗസ്ഥരോടു ചോദിക്കാനുള്ളൂ” എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതേസമയം, ഡോ. വന്ദനാ ദാസിന്റെ സംസ്‌കാരം ഇന്ന് നടക്കും. പൊതുദര്‍ശന ചടങ്ങുകള്‍ക്ക് ശേഷം ഉച്ചക്ക് രണ്ട് മണിയോടെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും രാത്രി എട്ടുമണിയോടെയാണ് ജന്‍മനാടായ കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തിച്ചത്.
