പ്ലസ് ടു കോഴക്കേസ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ കെഎം ഷാജിയെ പ്രശംസിച്ച് മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീർ. കെ.എം ഷാജിയുടെ പേരിൽ ഇ ഡി. കെട്ടിച്ചമച്ച ഓരോ കേസുകളിലും സർക്കാരിനും പിണറായി വിജയനും തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന മനോഹരമായ കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നതെന്ന് എം കെ മുനീർ ഫേസ്ബുക്കിൽ കുറിച്ചു.
പിണറായി വിജയനെ വിമർശിച്ചാൽ ആരെയെങ്കിലുമൊക്കെ കൂട്ടുപിടിച്ച് കള്ള കേസുകളുണ്ടാക്കി വേട്ടയാടാമെന്നും അതിലൂടെ വിമർശിക്കുന്നവരുടെ വായടപ്പിക്കാം എന്നുമുള്ള മോദി സ്റ്റൈൽ ആക്രമണം ഏതായാലും ഷാജിയുടെ കാര്യത്തിൽ വിലപ്പോയില്ലെന്നും എം കെ മുനീർ പറയുന്നു.

“എന്റെ പേരിൽ ഒരു മുസ്ലിം ലീഗുകാരനും തല കുനിക്കേണ്ടി വരില്ല” എന്ന ഷാജിയുടെ നിശ്ചയദാർഢ്യത്തോടെയുള്ള വാക്കുകൾ അക്ഷരാർത്ഥത്തിൽ പുലർന്നിരിക്കുകയാണ്. ഇത്ര തന്റേടത്തോടെ ഒരു കേസിനെ നേരിടാൻ ആരോപണ വിധേയരായ ഏതെങ്കിലും സി.പി.എം നേതാക്കൾക്ക് കഴിയുമോ ? എം കെ മുനീർ ഫേസ്ബുക്കിൽ കുറിച്ചു.













