കൊച്ചി: ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ വീക്ഷിക്കുന്ന രണ്ടാമത്തെ ടി20 ക്രിക്കറ്റ് ലീഗായ ഡിപി വേള്‍ഡ് ഐഎല്‍ടി20യുടെ രണ്ടാം സീസണ്‍ പ്രഖ്യാപിച്ച് സീ എന്‍റര്‍ടൈന്‍മെന്‍റ് എന്‍റര്‍പ്രൈസസ് ലിമിറ്റഡ്. എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ അനുമതിയോടെയുള്ള ടൂര്‍ണമെന്‍റ് 2024 ജനുവരി മുതല്‍ കമ്പനിയുടെ ലീനിയര്‍ ചാനലുകളിലും ഒടിടി പ്ലാറ്റ്‌ഫോമായ സീ5 എന്നിവയിലും തത്സമയം സംപ്രേഷണം ചെയ്യും. ആകെ 34 മത്സരങ്ങളാണ് ഡിപി വേള്‍ഡ് ഐഎല്‍ടി20 ടൂര്‍ണമെന്‍റിലുള്ളത്.
2024 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലാണ് രണ്ടാം സീസണ്‍ അരങ്ങേറുക. അബുദാബി നൈറ്റ് റൈഡേഴ്‌സ്, ഡെസേര്‍ട്ട് വൈപ്പേഴ്‌സ്, ദുബായ് ക്യാപിറ്റല്‍സ്, ഗള്‍ഫ് ജയന്‍റ്സ്, എംഐ എമിറേറ്റ്‌സ്, ഷാര്‍ജ വാരിയേഴ്‌സ് എന്നീ ആറ് ഫ്രാഞ്ചൈസികളാണ് ക്രിക്കറ്റ് ലോകത്തെ മികച്ച താരങ്ങളെ നിലനിര്‍ത്തി ടൂര്‍ണമെന്‍റിനിറങ്ങുന്നത്.

സൂപ്പര്‍താരവും ക്യാപ്റ്റനുമായ ആന്ദ്രെ റസ്സലിനെയും സ്പിന്നര്‍ സുനില്‍ നരെയ്‌നെയും അബുദാബി നൈറ്റ് റൈഡേഴ്‌സ് നിലനിര്‍ത്തിയിട്ടുണ്ട്. ഉദ്ഘാടന സീസണിലെ ടോപ് സ്‌കോറര്‍ അലക്‌സ് ഹെയ്ല്‍സിനെയും ക്യാപ്റ്റന്‍ കോളിന്‍ മണ്‍റോയെയും നിലനിര്‍ത്തിയാണ് ആദ്യ സീസണ്‍ ഫൈനലിസ്റ്റുകളായ ഡെസേര്‍ട്ട് വൈപ്പേഴ്‌സ് രണ്ടാം ടൂര്‍ണമെന്‍റിനിറങ്ങുന്നത്. ദുബായ് ക്യാപിറ്റല്‍സ് വെസ്റ്റ് ഇന്‍ഡീസ് താരം റോവ്മാന്‍ പവലിനെയും ഇംഗ്ലണ്ടിന്‍റെ ഇതിഹാസ താരം ജോ റൂട്ടിനെയും നിലനിര്‍ത്തി.
ചാമ്പ്യന്‍മാരായ ഗള്‍ഫ് ജയന്‍റ്സ് ക്യാപ്റ്റന്‍ ജെയിംസ് വിന്‍സിനെയും ടൂര്‍ണമെന്‍റിലെ മികച്ച ബൗളറായ ക്രിസ് ജോര്‍ദനെയും നിലനിര്‍ത്തിയപ്പോള്‍, കീറണ്‍ പൊള്ളാര്‍ഡിനെയും ഡ്വെയ്ന്‍ ബ്രാവോയുമാണ് എം.ഐ എമിറേറ്റ്‌സ് നിലനിര്‍ത്തിയത്. നിക്കോളാസ് പൂരന്‍, ട്രെന്‍റ് ബോള്‍ട്ട് എന്നിവരെയും എംഐ എമിറേറ്റ്‌സ് നിലനിര്‍ത്തി. ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സിനെയും ബാറ്റ്‌സ്മാന്‍ ജോ ഡെന്‍ലിയെയുമാണ് ഷാര്‍ജ വാരിയേഴ്‌സ് നിലനിര്‍ത്തിയത്.
ഡിപി വേള്‍ഡ് ഐഎല്‍ടി20ക്ക് ആദ്യ സീസണില്‍ ലഭിച്ച മികച്ച പ്രതികരണത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും, ഇത് ടിവി, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലായി ലോകമെമ്പാടും 367 മില്യണ്‍ റീച്ച് സൃഷ്ടിച്ചെന്നും ച്ച സീ എന്‍റര്‍ടൈന്‍മെന്‍റ് എന്‍റര്‍പ്രൈസസ് ലിമിറ്റഡിന്‍റെ ബിസിനസ് പ്രസിഡന്‍റ് രാഹുല്‍ ജോഹ്‌രി പറഞ്ഞു. ടീമുകള്‍ നിലനിര്‍ത്തിയ ലോകത്തിലെ മുന്‍നിര ടി20 ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം സമാനതകളില്ലാത്ത ക്രിക്കറ്റ് ആക്ഷന്‍റെ വലിയ വാഗ്ദാനവുമായാണ് രണ്ടാം സീസണ്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡിപി വേള്‍ഡ് ഐഎല്‍ടി20യുടെ ഉദ്ഘാടന സീസണ്‍ മികച്ച വിജയമായിരുന്നുവെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് ജനറല്‍ സെക്രട്ടറി മുബഷിര്‍ ഉസ്മാനി പറഞ്ഞു. രണ്ടാം സീസണിനായി സീ എന്‍റര്‍ടൈന്‍മെന്‍റ് എന്‍റര്‍പ്രൈപസസ് ലിമിറ്റഡുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.













