അയോധ്യ രാമക്ഷേത്രത്തിലെ ആരതി ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്യും. എല്ലാ ദിവസവും രാവിലെ 6.30 നാണ് ഡിഡി നാഷണല്‍ ആരതി തത്സമയം സംപ്രേഷണം ചെയ്യുക. എല്ലാ ദിവസവും ഭഗവാന്‍ ശ്രീ രാംലല്ലയുടെ ദിവ്യ ദര്‍ശനമായിരിക്കുമെന്നാണ് ദൂരദര്‍ശന്‍ അറിയിച്ചിരിക്കുന്നത്.രാവിലെ ആറ് മണി മുതല്‍ രാത്രി 10 മണിവരെയാണ് രാമക്ഷേത്രത്തിലെ ദര്‍ശന സമയം. ഭക്തരുടെ തിരക്ക് കാരണം ക്ഷേത്രം ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂര്‍ നേരം അടച്ചിടും.
ഇവിടുത്തെ രാമവിഗ്രഹം ബാലരൂപത്തിലുള്ള രാമനാണ്.വെറും അഞ്ചുവയസ്സായ കുട്ടിയാണ്. ഈ ബാലന് ഇത്രയധികം നേരം ഭക്തര്‍ക്ക് ദര്‍ശനവും നല്‍കി ഉണര്‍ന്നിരിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് വിഗ്രഹത്തിന് ഒരു മണിക്കൂര്‍ നേരം ഉറങ്ങാനായി വിശ്രമം നല്‍കണമെന്ന് തീരുമാനിച്ചിരിക്കുന്നത്. പുതിയ സമയം അനുസരിച്ച് ഉച്ചയ്ക്ക് 12.30 മുതല്‍ 1.30 വരെ നട തുറക്കില്ല. ഈ സമയം ബാല രാമന് ഉറങ്ങാം. ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ പറഞ്ഞിരുന്നു.