പോളണ്ടിന്റെ പ്രധാനമന്ത്രിയായി ഡോണാള്‍ഡ് ടസ്‌ക് നാളെ സത്യപ്രതിജ്ഞ ചെയ്യും


പോളണ്ടിന്റെ പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലെത്തി ഡോണാള്‍ഡ് ടസ്‌ക്. ബുധനാഴ്ച പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വച്ച്‌ സത്യപ്രതിജ്ഞ ചെയ്ത് ടസ്‌ക് അധികാരത്തിലേറും.


ഡോണാള്‍ഡ് ടസ്‌ക്കിന്റെ പാര്‍ട്ടി ഉള്‍പ്പെട്ട സഖ്യം ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നുവെങ്കിലും ഇതുവരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.


മാത്യൂസ് മൊറാവിസ്‌കി നയിച്ച പിഐഎസ് ആയിരുന്നു തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. എന്നാല്‍ മറ്റു കക്ഷികള്‍ പിഐഎസുമായി സഖ്യം ചേരാന്‍ വിസമ്മതിച്ചതോടെ ഭൂരിപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിഐഎസിന് കഴിയാതെ പോവുകയായിരുന്നു. പിഐഎസുമായി അടുപ്പം പുലര്‍ത്തുന്ന പ്രസിഡന്റ് ആന്‍ഡ്സീ ഡൂഡ മൊറാവിസ്‌കിയെ അല്ലാതെ മറ്റാരെയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാന്‍ തയ്യാറല്ലായിരുന്നു. അതോടെ സര്‍ക്കാര്‍ രൂപീകരണം വീണ്ടും ആഴ്ചകള്‍ നീളുകയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പില്‍ മൊറാവിസ്‌കിയ്‌ക്ക് ഭൂരിപക്ഷം തെളിയിക്കാനാവാതെ വന്നതോടെ ഡോണാള്‍ഡ് ടസ്‌ക് വീണ്ടും അധികാരത്തിലെത്തുകയായിരുന്നു.

190 എംപിമാര്‍ മൊറാവിസ്‌കിയെ പിന്തുണച്ചപ്പോള്‍ 266 പേരാണ് അദ്ദേഹത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. തുടര്‍ന്ന് പാര്‍ലമെന്റ് ടസ്‌ക്കിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യുകയായിരുന്നു. 2007-ലും 2014-ലുമാണ് ടസ്‌ക് ഇതിനു മുമ്ബ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.



Sharing is Caring