പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതില്‍ മനംനൊന്ത് ചെന്നൈയിൽ വിദ്യാര്‍ത്ഥി ജീവനൊടുക്കി


പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി. കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് (19) ആണ് മരിച്ചത്. ചെന്നൈ എസ്ആര്‍എം കോളജിലെ റെസ്പിറേറ്ററി തെറാപ്പി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ആനിഖ്. നാളെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവമുണ്ടായത്.ഇന്നലെ ഉച്ച തിരിഞ്ഞ് കോഴിക്കോട് നടക്കാവിലെ വീട്ടിലായിരുന്നു സംഭവം.


ചെന്നൈ എസ്ആര്‍എം കോളജില്‍ റെസ്പറേറ്ററി തെറാപ്പി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ആനിഖ് പരീക്ഷ എഴുതാനുളള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ ഹാജര്‍ കുറവെന്ന പേരില്‍ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് അവസാന നിമിഷം കോളേജില്‍ നിന്നും അറിയിപ്പ് വന്നു. ഇതിന് ശേഷം അനീഖ് കടുത്ത നിരാശയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.


വീട്ടുകാര്‍ ഒരു വിവാഹ ചടങ്ങിന് പോയ സമയത്തായിരുന്നു ആനിഖ് ജീവനൊടുക്കിയത്. വീട്ടിനുളളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ആനിഖിനെ ബന്ധുക്കള്‍ കോഴിക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.ശ്വാസം മുട്ടലിനെത്തുടര്‍ന്ന് ആനിഖിന് പലപ്പോഴും ക്‌ളാസില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യം കോളജ് അധികൃതരെ അറിയിച്ചിരുന്നു.



Sharing is Caring