പാലക്കാട് സി.പി.എം വിഭാഗീയതയില്‍ അച്ചടക്ക നടപടി തുടരുന്നു;കൊല്ലങ്കോട് ഏരിയ കമ്മിറ്റിയില്‍ നിന്ന് നാല് പേര്‍ പുറത്ത്


പാലക്കാട് സിപിഎം വിഭാഗീയതയെ തുടര്‍ന്നുള്ള അച്ചടക്ക നടപടിയുടെ ഭാഗമായി കൊല്ലങ്കോട് ഏരിയ കമ്മിറ്റിയില്‍ നിന്ന് നാലുപേരെ ഒഴിവാക്കി. അഞ്ചുപേരെ തിരിച്ചെടുക്കുകയും ചെയ്തു. ഏരിയ കമ്മിറ്റിയിലേക്കുള്ള പാനലില്‍ ഉള്‍പ്പെട്ടിട്ടും വോട്ടെടുപ്പില്‍ പരാജയപ്പെട്ട മുന്‍ സെക്രട്ടറി യു അസീസ്, എലവഞ്ചേരി ലോക്കല്‍ സെക്രട്ടറി കെ.രാജേഷ് തുടങ്ങിയവരെയാണ് കമ്മിറ്റിയില്‍ തിരികെയെടുത്തത്.


അന്വഷണ കമ്മീഷന്‍ കണ്ടെത്തിലിന്റെ അടിസ്ഥാനത്തിലാണ് സിപിഎം നടപടി.പാലക്കാട് ജില്ലയില്‍ പാര്‍ട്ടിയിലെ വിഭാഗീയതയില്‍ സിപിഎം നടപടി തുടരുകയാണ്. വിഭാഗീയതയില്‍ കടുത്ത നടപടിയാണ് ഇപ്പോള്‍ സംസ്ഥാനമൊട്ടാകെ സിപിഎമ്മിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. നേരത്തെ ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ കൂട്ടനടപടിയും ഉണ്ടായിരുന്നു.


വിഭാഗീയതയിലെ നടപടിയുടെ ഭാഗമായി പാലക്കാട്ടെ പുതുനഗരം ലോക്കല്‍ സെക്രട്ടറി ടി എം അബ്ദുള്‍ ലത്തീഫ്, കൊല്ലങ്കോട് ലോക്കല്‍ സെക്രട്ടറി കെ സന്തോഷ് കുമാര്‍ എന്നിവരെ ഏരിയ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. സംസ്ഥാന സെക്രട്ടറി എം വി.ഗോവിന്ദന്റെ നേതൃത്വത്തില്‍ അച്ചടക്ക നടപടിക്ക് നിര്‍ദേശിച്ച ഏരിയ കമ്മിറ്റികളില്‍ ചെര്‍പ്പുളശ്ശേരിക്ക് പിന്നാലെയാണ് കൊല്ലങ്കോട്ടെയും നടപടി.



Sharing is Caring