ബിജെപിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്ന ഭീകരവിരുദ്ധ റാലിയില്‍ പങ്കെടുക്കില്ലെന്ന് താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചാനാനിയല്‍. വോട്ട് ബാങ്ക് ലക്ഷ്യം വച്ച് കേരളത്തെ മതഭീകരതയുടെ ഇരുളിലേയ്ക്ക് നയിക്കുന്ന കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് മുന്നണികളുടെ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയാണ് ഭീകവവിരുദ്ധ റാലി നടത്തുന്നതെന്നാണ് ബിജെപി അവകാശപ്പെടുന്നത്.കപടമതേതര മുഖംമൂടിയണിഞ്ഞ് ഇരുമുന്നണികളും നടത്തുന്ന പ്രീണന രാഷ്ട്രീയം ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാണിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിരിക്കുന്നുവെന്നും ഇതിന്റെ ഭാഗമായാണ് ബിജെപി നേതൃത്വത്തില്‍ കോഴിക്കോട് ഡിസംബര്‍ രണ്ടിന് ”ഭീകരവിരുദ്ധസദസ്സ്” നടത്തുന്നതെന്നുമാണ് ബിജെപിയുടെ വാദം.
പരിപാടി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഉദ്ഘാടനം ചെയ്യുന്നത്.ഇതിലാണ് സഭ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.സഭ സമാധാനമാണ് ആഗ്രഹിക്കുന്നത്. യുദ്ധം ആര് നടത്തിയാലും എതിരാണ്. പലസ്തീനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആരു പരിപാടി സംഘടിപ്പിച്ചാലും പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഹമാസ് വിരുദ്ധ സമ്മേളനങ്ങളില്‍ ക്രൈസ്തവ സമുദായത്തെ പരമാവധി പങ്കെടുപ്പിക്കാന്‍ ബിജെപി ശ്രമിക്കുമ്പോഴാണ് താമരശ്ശേരി ബിഷപ്പിന്റെ ഈ പ്രതികരണം. സഭകളുടെ മേലദ്ധ്യക്ഷന്‍മാരെയുള്‍പ്പെടെ ബിജെപി റാലികളിലേക്ക് ക്ഷണിച്ചിരുന്നു.














