വി പി ജോയ്
കൊച്ചി: ഒന്നു രണ്ടുമല്ല, തുടര്‍ച്ചയായി അക്കൗണ്ട് മാറ്റി 20 കോടി രൂപ തട്ടിയെടുക്കുക. 5 വര്‍ഷം തുടര്‍ച്ചയയായി തട്ടിപ്പ് നടന്നിട്ടും ധനകാര്യസ്ഥാപനം അത് അറിയാതെപോവുക. മണപ്പുറം കോംപ്ടെക് ആന്‍ഡ് കണ്‍സല്‍റ്റന്റ്സ് ലിമിറ്റഡിലെ ജീവനക്കാരി ധന്യ മോഹന്റെ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ പൊലീസ് തന്നെ ഞെട്ടുകയാണ്. ഇത്രയും കാലം തട്ടിപ്പ് നടത്തിയിട്ടും അത് മണപ്പുറം ഫിനാന്‍സ് അറിഞ്ഞില്ല എന്ന കാര്യം പൊലീസിനും വിശ്വസിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടുതന്നെ ബാങ്കിലെ ഉന്നതരുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് സംശയിക്കുന്നുണ്ട്. ഇന്റേണല്‍ ഓഡിറ്റിങ്ങിലടക്കം നടന്ന കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. അഞ്ച് വര്‍ഷമായി നടത്തുന്ന തട്ടിപ്പ് ഓഡിറ്റില്‍ കണ്ടെത്തിയില്ലേ എന്നതാണ് ഉയരുന്ന ചോദ്യം. ഇതിന് മണപ്പുറവും ഉത്തരം നല്‍കേണ്ടതുണ്ട്. മണപ്പുറം കമ്പനിയില്‍ അസി. ജനറല്‍ മാനേജര്‍ ടെക് ലീഡ് ആയിരുന്നു ധന്യ. 20 വര്‍ഷത്തോളമായി ജോലി ചെയ്യുന്ന ഇവര്‍ കമ്പനിയിലെ വിശ്വസ്തയുമായിരുന്നു. അതുകൊണ്ടുതന്നെ സംശയം തോന്നിയില്ലെന്നാണ് മണപ്പുറം ജീവനക്കാരുടെ പ്രാഥമിക മൊഴി.

പണം തട്ടിയെടുത്തത് ഓണ്‍ലൈന്‍ ഗോള്‍ഡ് പ്ലാറ്റ്ഫോം വഴിയെന്നാണ് പൊലീസ് പറയുന്നത്. ആറുലക്ഷം രൂപക്കുള്ള സ്വര്‍ണം നിക്ഷേപിച്ചാല്‍ 5 ലക്ഷം വരെ ലോണെടുക്കാം എന്നതായിരുന്നു സ്‌കീം. ഈ സ്‌കീമില്‍ ആറു ലക്ഷം രൂപയുടെ സ്വര്‍ണം നിക്ഷേപിച്ചാണ് ധന്യ തട്ടിപ്പുകള്‍ നടത്തിയതെന്നാണ് പോലിസ് പറയുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു തവണ ധനകാര്യ സ്ഥാപനത്തില്‍ പോകുന്ന ഇടപാടുകാരന് വീട്ടിലിരുന്ന് ലോണെടുക്കാവുന്ന സൗകര്യത്തിലാണ് ധന്യ തട്ടിപ്പ് നടത്തിയത്.
പിടിക്കപ്പെടാതിരിക്കാന്‍ ചെറിയ തുകകള്‍ വീതം ധന്യ തന്റെ അക്കൗണ്ടിലേക്കും മാറ്റിയത്. ഇരുപത്തി അയ്യായിരം മുതല്‍ ഒരു ലക്ഷം വരെയാണ് തന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയത്.
ഏതാനും ദിവസം മുന്‍പു മൈക്രോസോഫ്റ്റ് ലോകവ്യാപകമായി തകരാറിലായപ്പോള്‍ കമ്പനി അക്കൗണ്ടില്‍ നിന്നു ധന്യ അനധികൃതമായി നടത്തിയ ഒരു പണമിടപാടിന്റെ വിവരം മണിക്കൂറുകള്‍ക്കു ശേഷം ശ്രദ്ധയില്‍പ്പെട്ടതാണു തട്ടിപ്പുകള്‍ പുറത്തുവരാന്‍ ഇടയാക്കിയതെന്നു സംശയിക്കുന്നു. എണ്‍പത് ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ തുടങ്ങിയ പൊലീസ് അന്വേഷണമാണിപ്പോള്‍ 19.94 കോടി തട്ടിയെന്ന കണ്ടെത്തലില്‍ എത്തിയിരിക്കുന്നത്.
എട്ട് അക്കൗണ്ടുകള്‍ വഴി 8000 ഇടപാടുകളിലൂടെ 20 കോടിയോളം രൂപ ധന്യ തട്ടിച്ചെന്നാണു വിവരം. ഇതില്‍ അഞ്ച് അക്കൗണ്ടുകള്‍ ധന്യയുടെ പേരിലുള്ളതാണ്. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്കു (സെബി) കമ്പനി വിശദവിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. കൊല്ലം ഈസ്റ്റ് സ്റ്റേഷനില്‍ കീഴടങ്ങിയ ധന്യയെ കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂര്‍ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. രണ്ടു കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന സര്‍ക്കുലറുള്ളതിനാല്‍ ക്രൈംബ്രാഞ്ചിന് കൈമാറും. ധന്യ പണം കടത്തിയ വഴിതേടിയുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കുഴല്‍പ്പണ സംഘവുമായി ബന്ധം

ഓണ്‍ലൈന്‍ റമ്മി കളിക്കുന്നതിനായി ധന്യ രണ്ടു കോടിയോളം രൂപയാണ് ചിലവാക്കിയത്. ഇക്കാര്യം പോലിസ് നേരത്തെ കണ്ടെത്തിയിരുന്നു.പക്ഷേ ഓണ്‍ലൈന്‍ റമ്മി കളിച്ചു കളഞ്ഞുവെന്നുള്ള വാദങ്ങള്‍ പോലീസ് തല്‍ക്കാലം മുഖവിലക്കെടുക്കുന്നില്ല. ധന്യ കുഴല്‍പ്പണ ഇടപാടു നടത്തിയെന്ന സംശയം അടക്കം ശക്തമാണ്. ധന്യ ഭര്‍ത്താവിന്റെയും അച്ഛന്റെയും ചില ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകളിലേക്കും വന്‍തോതില്‍ പണം കൈമാറിയെന്നു വിവരമുള്ളതിനാല്‍ ഇവരും പൊലീസ് നിരീക്ഷണത്തിലാണ്. ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടിലേക്ക് കുഴല്‍പ്പണ സംഘം വഴി പണം കൈമാറിയോ എന്നും പരിശോധിക്കുന്നുണ്ട്. ധന്യ മോഹന്‍ ഓഹരി വിപണിയില്‍ വന്‍ തുകയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് പോലിസ് പറയുന്നു.
ധന്യയുടെയും ബന്ധുക്കളുടെയും നാലു വര്‍ഷത്തെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു. ധന്യക്ക് മാത്രം അഞ്ച് അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്. അച്ഛന്റെ അക്കൗണ്ടിലേക്ക് നാല്പത് ലക്ഷവും ഭര്‍ത്താവിന്റെ അക്കൗണ്ടിലേക്ക് ഇരുപത്തിയഞ്ച് ലക്ഷവും കടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വലപ്പാട്ടെ വീട്ടില്‍ ധന്യ തനിച്ചായിരുന്നു താമസം. ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടിലൂടെ കുഴല്‍പ്പണ സംഘത്തിലേക്കു പണം എത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനു വേണ്ടി തിരച്ചില്‍ ആരംഭിച്ചു.
ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടിലേക്ക് പണം കൈമാറിയതായി പൊലീസിനു വിവരം ലഭിച്ചു. കുഴല്‍പ്പണ സംഘങ്ങളുടെ സഹായത്തോടെ പണം വിദേശത്തേക്ക് കൈമാറിയോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അത്തരം ഇടപാടുകളിലേക്ക് അന്വേഷണം നീണ്ടാല്‍ സ്ഥാപനത്തിലെ മറ്റു വിഷയങ്ങളിലേക്ക് അന്വേഷണം നീളാന്‍ സാധ്യയുണ്ട്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ധന്യ കീഴടങ്ങിയത്. ധന്യയുടെ ഭര്‍ത്താവ് വിദേശത്തായിരുന്നു. അടുത്തിടെയാണ് നാട്ടിലെത്തിയത്.
കൊല്ലം കലക്ട്രേറ്റിനു സമീപം നെല്ലിമൂട് ദേശീയപാതയോരത്തുള്ള വീട്ടില്‍ ഇപ്പോള്‍ ആരുമില്ല. ധന്യ, ഭര്‍ത്താവ്, മകള്‍, സഹോദരി, സഹോദരീ ഭര്‍ത്താവ്, അച്ഛന്‍, അമ്മ എന്നിവരാണ് ഇവിടെ താമസിച്ചിരുന്നത്. ഇവര്‍ക്ക് മൂന്ന് കടമുറികളുണ്ട്. അതിനോട് ചേര്‍ന്നാണ് കുടുംബ വീട്. അടുത്തിടെ തൊട്ടടുത്ത് പുതിയ വീടുവച്ചു. അച്ഛന് പണി സാധനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനമുണ്ട്. ആഴ്ചയിലൊരിക്കലാണ് തൃശൂരില്‍നിന്ന് ധന്യ കൊല്ലത്ത് എത്തിയിരുന്നത്.
ധന്യയുടെ അക്കൗണ്ടിലെ പണം മരവിപ്പിക്കാന്‍ പൊലീസ് നടപടി ആരംഭിച്ചു. ബന്ധുക്കളുടെ പേരിലുള്ള സ്വത്തുക്കളും മരവിപ്പിക്കും. ധന്യ ആഡംബര കാര്‍ അടക്കം മൂന്ന് വാഹനങ്ങള്‍ വാങ്ങിയതായി പൊലീസിനു വിവരം ലഭിച്ചു. വലപ്പാട്ടു സ്ഥലംവാങ്ങി വീടു നിര്‍മിച്ചു. കാര്‍ പാര്‍ക്കിങ്ങിനു വേണ്ടി മാത്രം പ്രത്യേകം ഭൂമി വാങ്ങി. ഇങ്ങനെയാണ് അവള്‍ കോടികള്‍ ചെലവിട്ടത്. പത്രക്കാര്‍ വിവരം ആരാഞ്ഞപ്പോള്‍, ചന്ദ്രനില്‍ ഭൂമിവാങ്ങിയിട്ടുണ്ടെന്നും, ബാഗ് നിറയെ പണമാണെന്നുമൊക്കെ ധിക്കാരത്തോടെയായിരുന്നു അവരുടെ മറുപടി.













