വിവരാവകാശ നിയമം നിഷേധിക്കുക,തെറ്റിധരിപ്പിക്കുന്ന മറുപടി നല്കുക ; ആറ് ഓഫീസര്‍മാര്‍ക്ക് 65,000 പിഴ

വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങള്‍ നിഷേധിക്കുക,വിവരാവകാശ കമ്മിഷന് റിപ്പോര്‍ട്ട് നല്കാതിരിക്കുക, കമ്മിഷന്റെ ഷോക്കോസ് നോട്ടിസിന് യഥാസമയം വിശദീകരണം സമര്‍പ്പിക്കാതിരിക്കുക, വിവരം ഫയലില്‍ വ്യക്തമായിരുന്നിട്ടും തെറ്റിധരിപ്പിക്കുന്ന മറുപടി നല്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് വിവിധ ജില്ലകളിലെ ആറ് ഓഫീസര്‍മാര്‍ക്കായി 65000 രൂപ പിഴ ശിക്ഷ.

ആനയറ ജി.അജിത്കുമാറിന്റെ പരാതിയില്‍ തിരുവനന്തപുരം കോര്‍പ്പറഷനിലെ 2017 ജൂലൈയിലെ അസി. എഞ്ചിനീയര്‍ക്ക് 25000 രൂപയും കണ്ണൂര്‍ വെങ്ങൂട്ടായി രനീഷ് നാരായണന് മന:പൂര്‍വം വിവരം നിഷേധിച്ച കുറ്റത്തിന് തിരുവനന്തപുരം കൃഷി വകുപ്പ് ഡയറക്ടറേറ്റിലെ 2019 ഏപ്രിലിലെ ബോധന ഓഫീസര്‍ക്ക് 15000 രൂപയും എറണാകുളം വട്ടപ്പറമ്പ് ബി.പി. ഷാജുവിന്റെ അപേക്ഷയില്‍ പത്തനംതിട്ട ജില്ല കോയിപ്പുറം പൊലീസ് സ്റ്റേഷനിലെ 2017 ഒക്ടോബറിലെ ഹൗസ് ഓഫീസര്‍ക്ക് 10,000 രൂപയും.

കൊല്ലം കരിമ്പിന്‍പുഴ ഗോപകുമാറിന്റെ ഹരജിയില്‍ പവിത്രേശ്വരം ഗ്രാമ പഞ്ചായത്തിലെ 2015 ആഗസ്റ്റിലെ സെക്രട്ടറിക്ക് 5000 രൂപയും കാസര്‍കോട് ഉളിയത്തടുക്ക ഹുസൈനിന്റെ പരാതിഹര്‍ജിയില്‍ 2017 കാലത്തെ കാസര്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലിന് 5000 രൂപയും പത്തനംതിട്ട ചുട്ടിപ്പാറ പി.ശശിധരന്റെ കേസില്‍ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ 2017 ജനുവരിയിലെ ഇന്‍സ്പെക്ടര്‍ക്ക് 5000 രൂപയും ആണ് പിഴ ശിക്ഷ. ഇവര്‍ നിശ്ചിത സമയത്തിനകം പിഴ ഒടുക്കുന്നില്ലെങ്കില്‍ വകുപ്പു മേധാവി ശമ്പളത്തില്‍ നിന്ന് പിടിച്ച് അടക്കാനും അല്ലെങ്കില്‍ സ്വത്തുക്കള്‍ ജപ്തി ചെയ്യാനും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ അബ്ദുല്‍ ഹക്കിം ഉത്തരവിട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *