ഡീകോഡിങ് മില്ലറ്റ്‌സ്; ജീവനക്കാർക്കായി വെൽനസ് ക്യാമ്പയിനുമായി ടെക്നോപാർക്ക്


തിരുവനന്തപുരം: ടെക്‌നോപാർക്ക് ജീവനക്കാർക്കിടയിൽ മില്ലറ്റിനെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനും മില്ലെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ‘ഡീകോഡിങ് മില്ലെറ്റ്’ ക്യാമ്പയ്ൻ ആരംഭിച്ചു. ക്യാമ്പയ്‌നിന്റെ തുടക്കം കുറിച്ചുകൊണ്ട് മില്ലറ്റിനെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ ടെക്നോപാർക്ക് പാർക്ക്‌സെന്ററിലെ ട്രാവൻകൂർ ഹാളിൽ നടന്നു. ടെക്‌നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായർ (റിട്ട.) അധ്യക്ഷത വഹിച്ച ചടങ്ങിൽ മില്ലറ്റ് മിഷൻ പരിശീലകനും മില്ലറ്റിഫൈയുടെ സഹസ്ഥാപകനുമായ ആൽബർട്ട് വൈ സക്കറിയ, മിലറ്റിഫൈ സ്ഥാപകൻ അനിൽ കുമാർ, ഹെൽത്ത്‌ഷുവർ സ്ഥാപകൻ ഗുരു അഭിഷേക് എന്നിവരാണ് ബോധവത്ക്കരണ പരിപാടികൾ നയിച്ചത്. ഐകോർ പയനിയർ സിഇഒ കൃഷ്ണകുമാർ എൻ ചടങ്ങിൽ നന്ദി പറഞ്ഞു. ടെക്‌നോപാർക്കിലെ ഐടി കമ്പനികളുടെ പ്രതിനിധികൾ, കേരള ഐടി പാർക്ക്‌സ് സിഎംഒ, മഞ്ജിത് ചെറിയാൻ, പാർക്ക് സെന്റർ ഉദ്യോഗസ്ഥർ എന്നിവർ സെഷനുകളിൽ പങ്കെടുത്തു.


ഐക്യരാഷ്ട്രസഭ, 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചതിനു പുറമെ കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യസുരക്ഷ, പോഷകാഹാര പദ്ധതികളുമായി ചേർന്ന് ഇന്ത്യയിലും മില്ലറ്റ് ഉപഭോഗം പ്രോത്സാഹിപ്പിച്ചുവരുന്നു. മൂന്ന് സെഷനുകളിലായി നടന്ന പരിപാടിയിൽ മില്ലറ്റിന്റെ പോഷകഗുണങ്ങളും, മില്ലറ്റ് കഴിക്കുന്നതിലൂടെ ജീവിതശൈലീ രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധം, ഭക്ഷണത്തിൽ മില്ലറ്റ് ഉൾപ്പെടുത്തുന്നതിനുള്ള വഴികൾ, മില്ലറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഉപയോഗിച്ച് ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുക, മില്ലറ്റുമായി ബന്ധപ്പെട്ട സുസ്ഥിര സമ്പ്രദായങ്ങൾ എന്നിവ വിശദമായി ചർച്ച ചെയ്തു.




Sharing is Caring