എടപ്പാള്‍: മോഷണക്കേസില്‍ പോലീസ് കസ്റ്റിയിലെടുത്ത യുവതി ചങ്ങരംകുളം പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ചു. എടപ്പാളിനടുത്ത് മാണൂരിലെ കൊട്ടുകാട്ടില്‍ വീട്ടില്‍ പരേതനായ സൈനുദ്ദീന്‍ ബാവയുടേയും സുബൈദയുടേയും മകളായ ഹനീഷ (23) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരി പ്രഥമികാവശ്യങ്ങള്‍ക്കായ പുറത്ത് പോയ സമയത്ത് അനീഷ കെട്ടിത്തൂങ്ങിയെന്നാണ് പൊലീസ് ഭാഷ്യം. എടപ്പാളിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ലെന്നും പൊലീസ് പറഞ്ഞു. പ്രാഥമികാന്വേഷണത്തില്‍ വീഴ്ച ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്ന് എസ്.ഐ അടക്കം മൂന്നു പോലീസുകാരെ പേരെ സസ്‌പെന്‍ഡ് ചെയ്തു.
ബസില്‍ യാത്ര ചെയ്യവേ 13 പവന്‍ സ്വര്‍ണ്ണവും എ ടി എം കാര്‍ഡും നഷ്ടപ്പെട്ടതായി കാണിച്ച് നന്നംമുക്ക് സ്വദേശികള്‍ നല്‍കിയ പരാതി പ്രകാരമാണ് ഹനീഷയെ കസ്റ്റഡിയിലെടുത്തത്. മോഷണശേഷം എ.ടി.എം കാര്‍ഡിനൊപ്പം ലഭിച്ച പിന്‍നമ്പര്‍ ഉപയോഗിച്ച് ഹനീഷ കുറ്റിപ്പുറത്തെ എ ടി എം കൗണ്ടറില്‍ നിന്ന് 22,000 രൂപ പിന്‍വലിച്ചിരുന്നു. നേരിട്ട് പിന്‍വലിക്കുന്നതിന് പകരം ഒരു ഓട്ടോഡ്രൈവറെ വിളിച്ച് തനിക്ക് എ.ടി.എം കാര്‍ഡ് ഉപയോഗിക്കാനറിയില്ലെന്ന് പറഞ്ഞ് അയാളെക്കൊണ്ട് പിന്‍വലിപ്പിക്കുകയായിരുന്നു. പണം പിന്‍വലിച്ചയുടനെ കാര്‍ഡുടമയുടെ മൊബൈലിലേക്ക് എസ്.എം.എസ് ലഭിച്ചു. വിവരമറിഞ്ഞ പൊലീസ് എ.ടി.എം കാമറയില്‍ പതിഞ്ഞ ചിത്രം നോക്കി ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിലെടുത്തപ്പോഴാണ് ഹനീഷയെക്കുറിച്ച് വിവരം ലഭിച്ചത്. ബുധനാഴ്ച വൈകിട്ട് ഹനീഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊണ്ടിമുതലില്‍ ഒന്നരപ്പവന്‍ എടപ്പാളിലെ ജ്വല്ലറിയില്‍ വിറ്റത് പൊലീസ് കണ്ടെടുത്തു. ബാക്കി താമസസ്ഥലത്തു നിന്നും പിടിച്ചു.
പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്ന് എസ്.ഐ വി. ഹരിദാസന്‍, എ.എസ്.ഐ കെ. തിലകന്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ലതിക എന്നിവരെ ജില്ലാ പൊലീസ് മേധാവി കെ. ശശികുമാര്‍ സസ്‌പെന്‍ഡ് ചെയ്തു. തിരൂര്‍ ആര്‍ ഡി ഒ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം പൊന്നാനി പൊലീസിന്റെ എസ്‌കോര്‍ട്ടോടെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി. വൈകീട്ടോടെ മൃതദേഹം മാണൂര്‍ ജുമാമസ്ജിദില്‍ ഖബറടക്കി.
FLASHNEWS