അമൽ ജ്യോതി കോളജിലെ വിദ്യാർത്ഥിനിയുടെ മരണം ; വിദ്യാർത്ഥി പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ കോളജിൻ്റെ കവാടങ്ങൾ അടച്ചു

വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ അമൽ ജ്യോതി കോളജിൻ്റെ കവാടങ്ങൾ അടച്ചു. വിദ്യാർത്ഥികളെ അകത്തേക്കും പുറത്തേക്കും വിടുന്നില്ല. കോളജിന് മുന്നിൽ വൻ പൊലീസ് സന്നാഹമാണ്. കോളജിലേക്ക് ഇന്ന് മൂന്ന് പ്രതിഷേധ മാർച്ചുകളാണ് ഉള്ളത്. കെഎസ്യു, എബിവിപി എംഎസ്എഫ് സംഘടനകൾ ഇന്ന് മാർച്ച്‌ നടത്തും.വിദ്യാർത്ഥികളും പൊലീസുമായി സംഘർഷമുണ്ടായി.

മതിൽ ചാടി അകത്തുകടക്കാൻ വിദ്യാർത്ഥികൾ ശ്രമിച്ചു.ഇതിനിടെ വിദ്യാർത്ഥി സമരം മൂലം അന്വേഷണം നടത്താൻ ആവുന്നില്ലെന്ന് പൊലീസ് പറയുന്നു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മൊഴി പോലും രേഖപ്പെടുത്തിയില്ല. ചർച്ചയ്ക്ക് എത്തിയ വിദ്യാർത്ഥികളെ മടക്കി അയച്ചു. സമയം ആകുമ്പോൾ അങ്ങോട്ട് അറിയിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വിദ്യാർത്ഥികളെ അറിയിച്ചു. വിദ്യാർത്ഥികളെ ഓഫീസിൽ നിന്ന് ഇറക്കി വിട്ടു എന്നാണ് വിവരം.ഹോസ്റ്റലുകൾ ഒഴിയണമെന്ന് പ്രിൻസിപ്പൽ നിർദ്ദേശം നൽകിയെങ്കിലും ഹോസ്റ്റൽ ഒഴിയില്ലെന്നായിരുന്നു വിദ്യാർത്ഥികളുടെ നിലപാട്.

ഹോസ്റ്റലുകളിലും വിദ്യാർത്ഥി സമരം നടന്നിരുന്നു. ശ്രദ്ധയുടെ നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. ഇതോടെയാണ് കോളജ് അടച്ചിടാൻ മാനേജ്മെൻ്റ് തീരുമാനിച്ചത്.ഇന്നലെ വിദ്യാർത്ഥികളുമായി മാനേജ്മെന്റ് നടത്തിയ ചർച്ച ഫലം കണ്ടില്ല. വിദ്യാർത്ഥികൾ പ്രഖ്യാപിച്ച സമരം അവസാനിപ്പിക്കണം എന്ന മാനേജ്മെന്റ് ആവശ്യം വിദ്യാർത്ഥികൾ അംഗീകരിച്ചില്ല. ഇതോടെ ഇന്ന് വീണ്ടും വിദ്യാർത്ഥി പ്രതിനിധികളെ ചർച്ചക്ക് വിളിച്ചിരുന്നു. ഇതിനിടയിലാണ് മാനേജ്മെൻ്റിൻ്റെ പുതിയ നീക്കം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *