മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ദളിത് യുവതി ബിന്ദു. കള്ളക്കേസില്‍ പോലീസ് പ്രതിയാക്കിയതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാന്‍ പോയപ്പോഴാണ് അവഗണന നേരിട്ടതെന്ന് ബിന്ദു പറഞ്ഞു. പരാതി നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോയപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി പരാതി വായിച്ചുപോലും നോക്കിയില്ല. പരാതി മേശപ്പുറത്തേക്കിടുകയായിരുന്നു. പരാതിയുണ്ടെങ്കില്‍ കോടതിയില്‍ പോകാനാണ് പറഞ്ഞത്. തിരുവനന്തപുരം പേരൂര്‍ക്കടയിലാണ് ജോലി ചെയ്യുന്ന വീട്ടിലെ രണ്ടര പവന്‍ സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് പോലീസ് ബിന്ദുവിനെ കസ്റ്റഡിയില്‍ എടുത്തത്.
മാല മോഷ്ടിച്ചില്ലെന്ന് വിശദമാക്കിയതിന് പിന്നാലെ പെണ്‍മക്കളെയും കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസുകാര്‍ കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് ബിന്ദു പറയുന്നത്. മണിക്കൂറുകള്‍ പൊലീസ് സ്റ്റേഷനില്‍ കഴിയുന്നതിനിടെ വെള്ളം ചോദിച്ചപ്പോള്‍ ശുചിമുറിയില്‍ പോയി കുടിക്കാനായിരുന്നു മറുപടി. ഇക്കാര്യമെല്ലാം ധരിപ്പിച്ചുള്ള പരാതിയുമായാണ് ബിന്ദു മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചത്.മാല മോഷണം പോയാല്‍ വീട്ടുകാര്‍ പരാതി നല്‍കിയാല്‍ പൊലീസ് വിളിപ്പിക്കുമെന്നാണ് ബിന്ദുവിന് ലഭിച്ച മറുപടി. അഭിഭാഷകനൊപ്പം പോയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അവഹേളനമുണ്ടായതെന്നും ബിന്ദു പറഞ്ഞു. പരാതി വായിച്ചുപോലും നോക്കാതെ അവിടെയുണ്ടായിരുന്ന സാര്‍ പോലീസ് വിളിപ്പിക്കുമെന്ന് പറയുകയായിരുന്നു. പി ശശി എന്ന ആള്‍ക്കാണ് പരാതി നല്‍കിയതെന്നും ബിന്ദു പറഞ്ഞു.

പലരീതിയില്‍ ബന്ധപ്പെട്ട് മുന്‍കൂറായി അനുമതി വാങ്ങിയശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാന്‍ അനുമതി ലഭിച്ചത്. അത്തരത്തില്‍ അഭിഭാഷകനൊപ്പം പരാതി നല്‍കാന്‍ പോയ ദളിത് യുവതിയ്ക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മോശം അനുഭവമുണ്ടായത്. കഴിഞ്ഞ മാസം 23 നാണ് സംഭവമുണ്ടായത്. ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബിന്ദുവിനെ പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുന്നത്. വീട്ടുടമസ്ഥയുടെ രണ്ടര പവന്‍ മാല മോഷ്ടിച്ചെന്നായിരുന്നു ആരോപണം. താന്‍ മോഷ്ടിച്ചിട്ടില്ലെന്ന് ബിന്ദു പോലീസുകാരോട് പറഞ്ഞു. തുടര്‍ന്ന് രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചതോടെയാണ് ബിന്ദുവിനെ വിട്ടയയ്ക്കുന്നത്.













