അനധികൃത സ്വത്ത് സമ്പാദനത്തില്‍ ഇപി ജയരാജനെതിരെ തല്‍ക്കാലം പാര്‍ട്ടി അന്വേഷണമില്ലെന്ന് സിപിഎം

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ തല്‍ക്കാലം പാര്‍ട്ടി അന്വേഷണമില്ലെന്ന് സിപിഎം. ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. വിഷയം ചര്‍ച്ചചെയ്ത യോഗം, അന്വേഷണത്തില്‍ തീരുമാനം പിന്നീട് ആകാമെന്ന് വ്യക്തമാക്കുകയായിരുന്നു. എന്നാല്‍, ഇന്നും വിവാദങ്ങളോട് പ്രതികരിക്കാന്‍ ഇ പി ജയരാജന്‍ തയാറായില്ല.

ഇഡിഗോയെ ബഹിഷ്‌കരിച്ച ജയരാജന്‍ കണ്ണൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് തിരുവനന്തപുരത്ത് എത്തിയത്.തിരുവനന്തപുരത്തേക്ക് പോകുന്നതിനായി റെയില്‍വേ സ്റ്റേഷനിലെത്തിയ ഇ പി ജയരാജന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ചിരിയിലൊതുക്കുകയാണ് ചെയ്തത്. ആരോപണങ്ങള്‍ സംബന്ധിച്ച് ഇതുവരെ ഒരു പരസ്യപ്രതികരണത്തിനും അദ്ദേഹം തയ്യാറായിട്ടില്ല.ഇ പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പി.ജയരാജന്റെ ആരോപണം സിപിഎമ്മില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. ആരോപണം എഴുതി നല്‍കിയാല്‍ പരിശോധിക്കാമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞെങ്കിലും പി ജയരാജന്‍ ഇതുവരെയും പരാതി നല്‍കിയിട്ടില്ല.

എന്നാല്‍ തന്നെയും കുടുംബത്തെയും അവഹേളിക്കാന്‍ നടത്തിയ നീക്കമായാണ് ഇ പി ജയരാജന്‍ ഇതിനെ കാണുന്നത്. അതില്‍ അന്വേഷണം വേണമെന്ന് ഇ പി പാര്‍ട്ടിയോട് ആവശ്യപ്പെടും.പാര്‍ട്ടിയുടെ ഉയര്‍ന്ന പദവികളിലേക്ക് എപ്പോഴും പരിഗണിക്കപ്പെട്ട വ്യക്തിയാണ് പി ജയരാജന്‍. എന്നാല്‍, അവസാന നിമിഷങ്ങളില്‍ അദേഹത്തിന് ഈ സ്ഥാനങ്ങളെല്ലാം നഷ്ടപ്പെടുകയാണ് ഉണ്ടായത്. പാര്‍ട്ടിയില്‍ ഇദേഹത്തിനെതിരെ വെട്ടിനിരത്തല്‍ നടക്കുന്നുവെന്ന് ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇതിനെ തടുക്കാനാണ് ഖാദി ബോര്‍ഡില്‍ അപ്രധാനമായ ഒരു പദവി നല്‍കിയതെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.എന്നാല്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയപ്പോഴും പാര്‍ട്ടിയില്‍ ചുമതലകള്‍ നല്‍കാതിരുന്നപ്പോഴും പി. ജയരാജന്‍ ഒരു തരത്തിലുള്ള അതൃപ്തിയും പ്രകടിപ്പിച്ചില്ല.

പക്ഷേ, പിണറായിക്ക് ശേഷം പാര്‍ട്ടിയില്‍ ഏറെ ആരാധകരുള്ള അണികള്‍ അദേഹത്തിന് വേണ്ടി എപ്പോഴും വാദിച്ചുകൊണ്ടിരുന്നു. പിജെ ആര്‍മി എന്നൊരു ഗ്രൂപ്പ് തന്നെ പാര്‍ട്ടിയില്‍ ഉദയം കൊണ്ടു. അവരുടെ കൂടെ പിന്തുണയിലാണ് പി. ജയരാജന്‍ ഇപ്പോള്‍ വീണ്ടുമൊരു രാഷ്ട്രീയ പേരാട്ടത്തിന് ഇറങ്ങിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.മൊറാഴ ഉടുപ്പിലെ പത്ത് ഏക്കറിലെ കുന്നിടിച്ചാണ് ഇ പി ജയരാജന്റെ മകന്‍ പുതുശ്ശേരി കോറോത്ത് ജയ്‌സണ്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സ്വകാര്യ കമ്പനി ‘വൈദേകം’ റിസോര്‍ട്ട് പൂര്‍ത്തിയാക്കിയിരിക്കുന്നത്. 10 ഏക്കര്‍ വിസ്തൃതിയില്‍ കുന്നിടിച്ച് ആയുര്‍വേദ റിസോര്‍ട്ടും ആശുപത്രിയും പണിയുന്നതിനെതിരെ നേരത്തെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാല്‍, പെട്ടന്ന് തന്നെ സമരം അവസാനിപ്പിച്ച് പിന്‍വലിഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *