33 വര്‍ഷങ്ങള്‍ക്കു ശേഷം ഹിര്‍വാനിക്കൊരു പിന്‍ഗാമി; അരങ്ങേറ്റത്തില്‍ അദ്ഭുതം കാട്ടി ശ്രീലങ്കന്‍ സ്പിന്നര്‍

ടെസ്റ്റ് ക്രിക്കറ്റിലെ അഞ്ചു വിക്കറ്റ് നേട്ടം ശ്രദ്ധേയനേട്ടമായാണ് കണക്കാക്കപ്പെടുന്നത്. അരങ്ങേറ്റ ടെസ്റ്റിലാണ് ആ പ്രകടനമെങ്കില്‍ അതിനു തിളക്കമേറും. അപ്പോള്‍ അരങ്ങേറ്റ ടെസ്റ്റിലെ രണ്ടിന്നിങ്‌സിലും അഞ്ചു വിക്കറ്റ് നേടിയാലോ?

നൂറ്റാണ്ട് പിന്നിട്ട ക്രിക്കറ്റ് ചരിത്രത്തില്‍ വെറും ഒമ്പതു താരങ്ങള്‍ മാത്രമേ ഈ അത്യപൂര്‍വ നേട്ടം സ്വന്തമാക്കിയിട്ടുള്ളു. 1890-ല്‍ ഇംഗ്ലണ്ട് താരം ഫ്രെഡ്രിക് മാര്‍ട്ടിനാണ് ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരേയായിരുന്നു പ്രകടനം.

പിന്നീട് ഇംഗ്ലണ്ടിന്റെ ടോം റിച്ചാര്‍ഡ്‌സണ്‍, ചാള്‍സ് മാരിയറ്റ്, കെന്‍ ഫെയിംസ് എന്നിവരും ഓസീസ് താരങ്ങളായ ക്ലാരി ഗ്രിമ്മിറ്റ്, ബോബ് മാസി, ദക്ഷിണാഫ്രിക്കന്‍ താരം സിഡ്‌നി ബ്രൂക്ക്, വെസ്റ്റിന്‍ഡീസ് താരം ഹൈന്‍സ് ജോണ്‍സണ്‍ എന്നിവരും ഈ അപൂര്‍വ പ്രകടനം കാഴ്ചവച്ചു.

1988 ജനുവരിയില്‍ ഇന്ത്യന്‍ താരം നരേന്ദ്ര ഹിര്‍വാനിയായിരുന്നു അവസാനം ഈ നേട്ടം സ്വന്തമാക്കിയ ബൗളര്‍. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ െവസ്റ്റിന്‍ഡീസിനെതിരേയായിരുന്നു പ്രകടനം. രണ്ടിന്നിങ്‌സിലുമായി എട്ടു വീതം 16 വിക്കറ്റുകളാണ് അരങ്ങേറ്റത്തില്‍ ഹിര്‍വാനി നേടിയത്.

പിന്നീട് 33 വര്‍ഷത്തിനിടെ ഒരാള്‍ക്കുപോലും ഇത്തരമൊരു പ്രകടനം ആവര്‍ത്തിക്കാനായില്ല. ഇതിനിടെ മുത്തയ്യാ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, ഗ്ലെന്‍ മക്ഗ്രാത്ത്, അലന്‍ ഡൊണാള്‍ഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍, വസീം അക്രം, വഖാര്‍ യൂനിസ്, അനുല്‍ കുംബ്ലെ തുടങ്ങി ഒട്ടേറെ ലോകോത്തര താരങ്ങള്‍ പിറന്നിരുന്നുവെന്നതും ശ്രദ്ധേയമാണ്.

മൂന്നു പതിറ്റാണ്ടിനു ശേഷം ഇപ്പോള്‍ ആ പട്ടികയിലേക്ക് ഒരാള്‍ കൂടി എത്തിയിരിക്കുന്നു. ശ്രീലങ്കന്‍ സ്പിന്നര്‍ പ്രവീണ്‍ ജയവിക്രമ. ബംഗ്ലാദേശിനെതിരേ ഇന്നു സമാപിച്ച രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഈ 23 വയസുകാരന്‍ അവിസ്മരണീയ പ്രകടനം പുറത്തെടുത്തത്.

ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റ് വീഴ്ത്തിയ ജയവിക്രമ രണ്ടാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റു കൂടി പിഴുത്. അരങ്ങേറ്റ ടെസ്റ്റില്‍ ആകെ 11 വിക്കറ്റ് നേട്ടം. ജയവിക്രമയുടെ ബൗളിങ് മികവില്‍ ലങ്ക 209 റണ്‍സിന്റെ കൂറ്റന്‍ ജയവും നേടി. അവിസ്മരണീയ പ്രകടനത്തിലൂടെ താരം കളിയിലെ കേമനുമായി.

ആദ്യം ബാറ്റ് ചെയ്ത ലങ്ക ഒന്നാമിന്നിങ്‌സ് ഏഴിന് 493 ന് ഡിക്ലയര്‍ ചെയ്തു. തുടര്‍ന്ന് ബംഗ്ലാദേശിനെ 251ന് പുറത്താക്കിയ ആതിഥേയര്‍ രണ്ടാമിന്നിങ്‌സില്‍ 194 റണ്‍സ് കൂടി നേടി ഡിക്ലയര്‍ ചെയ്തു ബംഗ്ലാദേശിന് 436 റണ്‍സിന്റെ വിജയലക്ഷ്യമാണ് നല്‍കിയത്. എന്നാല്‍ സന്ദര്‍ശകര്‍ 227-ന് പുറത്താകുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *