സിപിഐഎം കണ്ണൂര്‍ ജില്ലാ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് ജില്ലാ സെക്രട്ടേറിയറ്റും നാളെ ജില്ലാ കമ്മിറ്റിയും യോഗം ചേരും. രാവിലെ പത്തുമണിക്ക് ചേരുന്ന യോഗത്തില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കും. ബ്രാഞ്ച് സമ്മേളനങ്ങള്‍ അടക്കമുള്ള യോഗങ്ങള്‍ക്ക് തിയതി നിശ്ചയിക്കലാണ് പ്രധാന അജണ്ട.
അതേസമയം കഴിഞ്ഞ ജില്ലാ സെക്രട്ടേറിയറ്റില്‍ പി ജയരാജനും കെ പി സഹദേവനും തമ്മിലുണ്ടായ പെരുമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സമിതിയെടുത്ത നടപടി സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്യും. സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ അടുത്ത മാസം രണ്ടാം വാരത്തോടൊയാണ് ആരംഭിക്കുക. തിയതികള്‍ ഇന്ന് ചേരുന്ന യോഗത്തിലാകും തീരുമാനിക്കുക. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ജില്ലാ സമ്മേളനങ്ങള്‍ നടക്കുക. കൊവിഡ് സാഹചര്യത്തില്‍ പ്രോട്ടോക്കോളുകള്‍ പാലിച്ചാകും യോഗങ്ങള്‍.














