ബ്രിജ് ഭൂഷണെ എം.പി സ്ഥാനത്ത് നിന്ന് സസ്പെന്റ് ചെയ്യണമെന്ന് സിപിഐ നേതാവ് ആനി രാജ

റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷണെ എം.പി സ്ഥാനത്ത് നിന്ന് സസ്പെന്റ് ചെയ്യണമെന്ന് സിപിഐ നേതാവ് ആനി രാജ. ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കറെ കാണുമെന്ന് ആനി രാജ പറഞ്ഞു. ലൈഗിംക അതിക്രമ കേസാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വനിതകൾക്ക് നേരെയുള്ള അതിക്രമത്തിൽ തുടർ നടപടികൾ സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണ്.

അമിത് ഷായുടെ നിർദേശത്തിലാണ് ഡൽഹി പൊലീസ് പ്രവർത്തിക്കുന്നത്. ദേശീയ വനിതാ കമ്മിഷന്റെ വിശ്വാസിയതയെ ചോദ്യം ചെയ്യുന്ന സമീപനമാണ് ഇപ്പോൾ കമ്മീഷന്റെ നിലപാടുകൾ.പിടി ഉഷയുടെ സന്ദർശനം സ്വാഗതം ചെയ്യുന്നു. പിടി ഉഷയെയും കാണാൻ ശ്രമിക്കുന്നുണ്ട്. വനിതാ സംഘടനകൾ സംയുക്തമായാണ് ഈ സമരത്തെ അനുകൂലിക്കുന്നത്. ദേശീയ തലത്തിൽ പ്രക്ഷോഭത്തിനായുള്ള ചർച്ചകൾ നടത്തിയെന്നും ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന രാപ്പകൽ സമരം തുടരുകയാണ്. ഡൽഹി പൊലീസ് സ്റ്റേഷനിൽ ബ്രിജ് ഭൂഷനെതിരെ രണ്ട് കേസ് രജിസ്റ്റർ ചെയ്തിട്ട് ദിവസങ്ങളായെങ്കിലും ഇതുവരെ ഇയാളെ ചോദ്യം ചെയ്തിട്ടില്ല. ജന്തർമന്തറിൽ നിയോഗിച്ച പൊലീസ് താരങ്ങളെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിൽ പൊലീസിനെതിരെ വിമർശനം കനക്കുകയാണ്. കയ്യേറ്റം ചെയ്ത പൊലീസുകാർ മദ്യപിച്ചിരുന്നു എന്ന താരങ്ങളുടെ ആരോപണം ഡൽഹി പൊലീസ് തള്ളി.

ആക്രമിച്ചാലും നീതി ലഭിക്കും വരെ സമരം തുടരുമെന്ന് ഇതിനോടകം താരങ്ങള്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ സമരം ചെയ്യുന്ന കായിക താരങ്ങളെ അപമാനിച്ച് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ രംഗത്തെത്തിയിരുന്നു. പ്രതിഷേധിക്കുന്ന താരങ്ങൾക്ക് പണം ലഭിക്കുന്നുണ്ടെന്നും ബിജെപിയാണ് പ്രതിഷേധക്കാരുടെ ഉന്നമെന്നുമാണ് ബ്രിജ് ഭൂഷണ്‍ പ്രതികരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *