കാഠ്മണ്ഡു: പ്രഭാസ് നായകാനായെത്തിയ ‘ആദിപുരുഷ്’ സിനിമയെച്ചൊല്ലി നേപാളില്‍ വിവാദം. ചിത്രത്തില്‍ സീത ജനിച്ചത് ഇന്ത്യയിലാണെന്ന് പറയുന്നതാണ് നേപാളില്‍ വിവാദമായത്.സീത നേപ്പാളിലാണ് ജനിച്ചതെന്ന വാദം ഉന്നയിച്ച് ശക്തമായ പ്രതിഷേധമാണ് സിനിമക്കെതിരെ നേപ്പാളില്‍ ഉയര്‍ന്നത്. വിവാദം കനത്തതോടെ കാഠ്മണ്ഡുവിന് പിന്നാലെ നേപാളിലെ പൊഖാറ മെട്രോപൊളിറ്റന്‍ സിറ്റിയിലും ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
തിങ്കളാഴ്ച രാവിലെ മുതല്‍ എല്ലാ ഇന്ത്യന്‍ ചിത്രങ്ങളുടെയും പ്രദര്‍ശനം നിര്‍ത്തിവെയ്ക്കാന്‍ പൊഖാറ മേയര്‍ ധനരാജ് ആചാര്യ തിയറ്ററുകള്‍ക്ക് നിര്‍ദേശം നല്‍കി. നേരത്തെ, നേപാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ മേയര്‍ ബാലേന്ദ്ര ഷാ ഇന്ത്യന്‍ സിനിമകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

‘ആദിപുരുഷില്‍ സീത ഇന്ത്യയുടെ മകളാണെന്ന് അവകാശപ്പെടുന്ന സംഭാഷണം ഉണ്ടായിരുന്നു, അത് പ്രതിഷേധാര്‍ഹമാണ്. അത് തിരുത്താന്‍ ഞങ്ങള്‍ മൂന്ന് ദിവസത്തെ അന്ത്യശാസനം നല്‍കിയിരുന്നു. നേപ്പാളിന്റെ സ്വാതന്ത്ര്യം, ആത്മാഭിമാനം എന്നിവ നിലനിര്‍ത്തി ദേശീയ താല്‍പര്യം സംരക്ഷിക്കുക എന്നത് സര്‍ക്കാറിന്റെയും നേപ്പാളി പൗരന്റെയും പ്രഥമ കടമയാണെന്നതില്‍ സംശയമില്ല’ -ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കാഠ്മണ്ഡു മേയര്‍ ഫേസ്ബുക്കില്‍ കുറിച്ചു.













