തലശേരിയില്‍ ചികിത്സയ്ക്കിടെ രോഗി വനിതാ ഡോക്ടറെ മര്‍ദിച്ചതായി പരാതി. കൊടുവള്ളി സ്വദേശി മഹേഷിനെതിരെയാണ് തലശേരിയിലെ ആശുപത്രിയിലെ ഡോ. അമൃത രാഖി പൊലീസില്‍ പരാതി നല്‍കിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 2.30ന് ആയിരുന്നു സംഭവം.തലശേരിക്ക് അടുത്തുള്ള കൊടുവള്ളി പ്രദേശത്തുള്ളയാളാണ് മഹേഷ്. മദ്യപിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാളെ തലശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. വാരിയെല്ലിന് ക്ഷതം ഏറ്റിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വാരിയെല്ല് പരിശോധിക്കുകയായിരുന്നു.
ഈ സമയത്ത് ഇയാള്‍ ഡോക്ടറെ മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. മഹേഷിനെ കൂടുതല്‍ പരിശോധനകള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നെഞ്ചിലാണ് വേദന എന്ന് പറഞ്ഞതിനെ തുടര്‍ന്ന് പരിശോധിക്കുമ്പോള്‍ മഹേഷ് വലതുകൈ വീശി തന്റെ നെഞ്ചില്‍ അടിച്ചു എന്നാണ് ഡോക്ടര്‍ പറയുന്നത്.

പരിശോധനയുടെ ഭാഗമായിട്ടാണ് നെഞ്ചില്‍ അമര്‍ത്തിയത് എന്ന് പറഞ്ഞപ്പോള്‍, വേദനയുള്ള ഭാഗത്ത് അമര്‍ത്തിയിട്ടാണോ പരിശോധിക്കുന്നത് എന്ന് പറഞ്ഞ് ആക്രോശിക്കുകയായിരുന്നു. പിന്നീട് പൊലീസ് എത്തിയ ശേഷമായിരുന്നു തുടര്‍ പരിശോധന നടത്തിയത്.













