കണ്ണൂര്‍ നഗരത്തിലെ താവക്കരയിലെ കൃഷ്ണ ജൂവല്‍സില്‍ നിന്ന് ഏഴര കോടിയിലേറെ രൂപതട്ടിയെടുത്ത് മുങ്ങിയെന്ന പരാതിയില്‍ ചീഫ് അക്കൗണ്ടിനെതിരെ പൊലിസ് കേസെടുത്തു. ചിറക്കല്‍ കടലായി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കെ.സിന്ധുവിനെതിരെയാ(45)ണ് ജുവലറി എം ഡി കണ്ണൂര്‍ ടൗണ്‍ പൊലിസില്‍ പരാതി നല്‍കിയത്.
2004-ല്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന സിന്ധു പലഘട്ടങ്ങളിലായി സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്ന് 7,55,30,644 രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടിലേക്കും മാറ്റിയെന്നാണ് പരാതി. മംഗളൂരില്‍ ഡോക്ടറെ കാണാനെന്ന് പറഞ്ഞ് മറ്റു ജീവനക്കാരെ വിശ്വസിപ്പിച്ച് ഇവരുടെ തട്ടിപ്പു പുറത്തായതിനെ തുടര്‍ന്ന് മുങ്ങുകയായിരുന്നുവെന്നാണ് പറയുന്നത്. ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫാക്കിയ നിലയിലാണ്.

സിന്ധു വരുമാനത്തില്‍ കവിഞ്ഞ വിധത്തില്‍ ആഡംബര ജീവിതമാണ് നയിച്ചതെന്ന് മറ്റു ജീവനക്കാര്‍ പറയുന്നു. രണ്ടു ആഡംബര വീടുകള്‍, നാല് വാഹനം, സ്ഥലങ്ങള്‍ തുടങ്ങിയവ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമായി സമ്പാദിച്ചതായി പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.













