ജമ്മുവിലേക്ക് റോഡ് മാര്‍ഗം പോകുന്നുവെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള;വാഹനത്തിന് മുന്നില്‍ ദേശീയ പതാക


പാക്ക് ഷെല്ലിങ്ങ് ഡ്രോണ്‍ ആക്രമണവുമുണ്ടായ ജമ്മുവിലേക്ക് റോഡ് മാര്‍ഗം എത്തി ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. സ്ഥിതിഗതികള്‍ വിലയിരുത്താനായി താന്‍ ജമ്മുവിലേക്ക് പോകുന്നതായി അദ്ദേഹം എക്‌സിലൂടെ അറിയിച്ചു. റോഡ് മാര്‍ഗമാണ് താന്‍ പോകുന്നതെന്നും ഔദ്യോഗിക വാഹനത്തില്‍ യാത്രചെയ്യുന്ന ചിത്രവും ഒമര്‍ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. റോഡിന്റെയും കോണ്‍വോയിയുടെയും ദൃശ്യങ്ങള്‍ അടക്കം അദേഹം പുറത്തുവിട്ടിട്ടുണ്ട്


ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായി പാകിസ്താനിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് ശക്തമായ വ്യോമാക്രമണമാണ് ഇന്ത്യ നടത്തിയത്.പാക് തലസ്ഥാനമായ ഇസ്ലാമാബാദ്, ലഹോര്‍, കറാച്ചി, പെഷവാര്‍ എന്നിവിടങ്ങളിലാണ് ഇന്ത്യ മിസൈല്‍ വര്‍ഷിച്ചത്.പാക് ഭീകരത്താവളങ്ങള്‍ തകര്‍ത്ത സിന്ദൂര്‍ ഓപ്പറേഷന്റെ തുടര്‍ച്ചയായി പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയായാണ് ഇന്ത്യയുടെ പ്രഹരം. ഇതോടെ പാകിസ്താനിലെ പ്രധാനനഗരങ്ങള്‍ ഇരുട്ടിലായി. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ വീടിനുസമീപം സ്‌ഫോടനം നടന്നതായും അദ്ദേഹത്തെ സ്ഥലത്തുനിന്ന് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.


വ്യാഴാഴ്ച രാത്രി ഇന്ത്യയിലെ സൈനികകേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമാക്കിയാണ് പാകിസ്താന്‍ വ്യോമാക്രമണം നടത്തിയത്. ജമ്മു-കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലേക്കായിരുന്നു ആക്രമണം.വ്യോമ പ്രതിരോധസംവിധാനം ഉപയോഗിച്ച് ഇന്ത്യ മിസൈലുകള്‍ തകര്‍ത്തിട്ടു. ജമ്മുവില്‍നിന്നാണ് ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നത്.



Sharing is Caring