കാരപ്പറമ്പില്‍ എന്‍ജിനീയറിങ്ങ് കോളജ് വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ സദാചാര ഗുണ്ടാ ആക്രമണം; വീഡിയോ പുറത്തായിട്ടും നടപടിയില്ല

വി. പി . ജോയ്
കോഴിക്കോട്: സദാചാര ഗുണ്ടാ ആക്രമണങ്ങള്‍ കോഴിക്കോട് ജില്ലയില്‍ തുടര്‍ക്കഥയാവുന്നു. ബാലുശ്ശേരിയിലെ സാദാചാര ആക്രമണത്തിന് പിന്നാലെ, ഇപ്പോള്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവണ്‍മെന്റ് എഞ്ചിനീയറിങ്ങ് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കുനേരെ ഉണ്ടായ, സദാചാര ഗുണ്ടായിസത്തിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 9 മണിയോടെ കോഴിക്കോട് കാരപ്പറമ്പിലാണ് സംഭവം. കാരപ്പറമ്പിലെ ഒരു വീട്ടില്‍ വാടകക്ക് താമസിച്ച് വരികയായിരുന്ന, എഞ്ചിനീയറിങ്ങ് കോളജിലെ വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി. രാത്രി 9 മണിയോടെ ഒരു കൂട്ടുകാരന്‍ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്ന് താന്‍ പുറത്തിറങ്ങുകയും ഇരുവരും സംസാരിച്ച് നില്‍ക്കുകയുമായിരുന്നെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. ഈ സമയത്ത് അജി എന്ന ഒരാളും, കണ്ടാലറിയാവുന്ന അഞ്ചോളം വ്യക്തികളും, മദ്യലഹരിയില്‍ ആക്രോശിച്ചുകൊണ്ട് തങ്ങളുടെ അടുത്തേക്ക് വരികയായിരുന്നു. ”പാതിരാത്രി നീ ഇവിടെ വേശ്യാലയം നടത്തുകയാണോ കൂത്തിച്ചിമോളെ, എന്ന് പറഞ്ഞ് അവര്‍ എനിക്കു നേരെ കൈ ഓങ്ങുകയായിരുന്നു. അതിനുശേഷം അവര്‍ തങ്ങളെ തടയുകയും അസഭ്യം പറയുകയും ചെയ്തു. പേടിച്ച് ഭയന്ന ഞാന്‍ തിരിച്ച് വീട്ടിലേക്ക് ഓടി. ശബ്ദം കേട്ട് ഓടി വന്ന സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയെയും അവര്‍ തെറിപറഞ്ഞു. തല്ലാന്‍ ഓങ്ങി”-കുട്ടിയുടെ പരാതിയില്‍ പറയുന്നു.

ഇതേ വ്യക്തികളില്‍നിന്ന് നേരത്തെ പലതവണ ലൈംഗിക അധിക്ഷേപം ഉണ്ടായതായും കുട്ടി പരാതിയില്‍ പറയുന്നുണ്ട്. ഇവരില്‍ പലരും ലൈംഗിക ചുവയോടെ നോക്കുകയും, സംസാരിക്കുകയും ചെയ്തിട്ടുണ്ട്. മുമ്പൊരിക്കല്‍, കണ്ടാല്‍ അറിയാവുന്ന ഇവരുടെ കുടെയുണ്ടായിരുന്ന വ്യക്തി, ഒളിഞ്ഞുനോക്കിയിട്ടുണ്ട്. മേല്‍പ്പറഞ്ഞ വ്യക്തികളില്‍നിന്ന്, പലതവണ പലസമയമായി മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട് എന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

്അതിനിടെ ഈ സദാചാര ഗുണ്ടാ അതിക്രമത്തിന്റെ വീഡിയോയും പുറത്തായിട്ടുണ്ട്. കുട്ടികളെ ചിലര്‍ തെറിപറയുന്നതും, അടിക്കാന്‍ ഓങ്ങുന്നതും, ഭീഷണിപ്പെടുത്തുന്നതുമെല്ലാം വീഡിയോവില്‍ വ്യക്തമാണ്.’അസമയത്ത് ഒരു പെണ്‍കുട്ടിയെയും ആണിനെയും ഇവിടെ വെച്ച് കണ്ടാല്‍ ഞങ്ങള്‍ അടിച്ചിരിക്കും’ എന്ന് പറഞ്ഞാണ് ഒരാള്‍ കയര്‍ക്കുന്നത്. അപ്പോള്‍ ‘ചേട്ടനേതാണ് അസമയം’ എന്ന് പെണ്‍കുട്ടി തിരിച്ചുചോദിക്കുന്നുണ്ട്. ‘ഒരുമണിക്കും രണ്ടുമണിക്കും ഇവിടെ വന്ന് ഇരിക്കരുത്’ എന്ന് ആക്രോശിക്കുമ്പോള്‍ ഇപ്പോള്‍ സമയം എത്രയായി എന്ന് കുട്ടി തിരിച്ചുചോദിക്കുന്നതും വ്യക്തമാണ്.

ഇത്രയും ഡിജിറ്റല്‍ തെളിവുകള്‍ അടക്കം കിട്ടിയിട്ടും പൊലീസ് കേസില്‍ ഒളിച്ചുകളിക്കുന്നുവെന്ന് ആക്ഷേപമുണ്ട്. സംഭവം നടന്നതിന്റെ പിറ്റേന്ന് തന്നെ കുട്ടി ചേവായൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. സ്ത്രീ പീഡന പരാതികളില്‍ ഉടന്‍ നടപടി വേണമെന്ന് നിര്‍ദേശമിരിക്കെ രണ്ടുദിവസമായിട്ടും പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സംഭവം അന്വേഷിച്ചുകൊണ്ടിരിക്കയാണെന്ന മറുപടിയാണ്, ചേവായൂര്‍ പൊലീസ നല്‍കുന്നത്. പ്രതികള്‍ പ്രാദേശിക സിപിഎം നേതൃത്വവുമായി ബന്ധമുള്ളതാണെന്നും അതിനാലാണ് പൊലീസിന്റെ മെല്ലെപ്പോക്ക് എന്നും, പണം വാങ്ങി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പരാതിയുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *