ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പില്‍ മാറ്റം,എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്


സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. 


കൊല്ലത്തും കോട്ടയത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കൊല്ലം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഗവ.യു പി എസ് കുമാരന്‍ചിറ ശൂരനാട് സൗത്ത്, ഗവ. യു പി എസ് തെന്നല ശൂരനാട് നോര്‍ത്ത്, ഗവ. എല്‍ പി എസ് അഴകിയകാവ് കുന്നത്തൂര്‍, അമൃത യുപിഎസ്  പാവുമ്പ കരുനാഗപ്പള്ളി, മീനാക്ഷി വിലാസം ഗവ . എല്‍ പി എസ്, പേരൂര്‍ എന്നീ സ്‌കൂളുകള്‍ക്കാണ് നാളെ (ജൂണ്‍. 3 ) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിരിക്കുന്നത്.


കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വേളൂര്‍ സെന്റ് ജോണ്‍ എല്‍.പി.എസ്, പുളിനാക്കല്‍ സെന്റ് ജോണ്‍ യു.പി.എസ്, കല്ലുപുരയ്ക്കല്‍ ഗവണ്‍മെന്റ് എല്‍.പി.എസ്, കല്ലുപുരയ്ക്കല്‍ ഗവണ്‍മെന്റ് യു.പി.എസ് എന്നീ സ്‌കൂളുകള്‍ക്കാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

ശക്തമായ മഴ ലഭിച്ചുകൊണ്ടിരിക്കുന്ന മലയോര മേഖലയിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്നും വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണം.



Sharing is Caring