പി.എസ്.ജിയുടെ ലീഗ് മത്സരത്തില്‍ റെഡ് കാര്‍ഡ് വാങ്ങി ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍


ലോകകപ്പിന് ശേഷം നടക്കുന്ന പി.എസ്.ജിയുടെ ലീഗ് മത്സരത്തില്‍ റെഡ് കാര്‍ഡ് വാങ്ങി ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍.രണ്ട് മിനിറ്റിനിടെ രണ്ട് യെല്ലോ കാര്‍ഡുകളാണ് നെയ്മര്‍ വാങ്ങിയത്. സ്ട്രാസ്ബെര്‍ഗിനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം. 61ാം മിനിറ്റിലാണ് നെയ്മറിന് ആദ്യ മഞ്ഞക്കാര്‍ഡ് ലഭിച്ചത്.


അഡ്രിയാന്‍ തോംസണെ കൈകൊണ്ട് ഇടിച്ചതിനായിരുന്നു മഞ്ഞക്കാര്‍ഡ്. ഇതിന് പിന്നാലെ തന്നെ രണ്ടാം മഞ്ഞക്കാര്‍ഡും ലഭിച്ചു. പെനാല്‍റ്റി നേടാനായി ബോക്സില്‍ മനപ്പൂര്‍വം വീണതിനായിരുന്നു റഫറി ക്ലെമന്റ് ടര്‍പിന്‍ രണ്ടാം മഞ്ഞ കാര്‍ഡ് നല്‍കിയത്. പി.എസ്.ജിയിലെത്തിയതിന് ശേഷം നെയ്മറിന്റെ അഞ്ചാം റെഡ് കാര്‍ഡാണിത്.


അതേസമയം, ഇഞ്ചുറി ടൈമില്‍ എംബാപ്പ നേടിയ പെനാല്‍റ്റിയുടെ കരുത്തില്‍ സ്ട്രാസ്ബെര്‍ഗിനെ പി.എസ്.ജി 2-1 തോല്‍പ്പിച്ചിരുന്നു. മത്സരത്തില്‍ പി.എസ്.ജിയാണ് ആദ്യഗോള്‍ നേടിയത്. നെയ്മറിന്റെ ക്രോസില്‍ നിന്നും 14ാം മിനിറ്റില്‍ മാര്‍ക്വിനസാണ് പി.എസ്.ജിക്കകായി ഗോള്‍ നേടിയത്. എന്നാല്‍, 51ാം മിനിറ്റില്‍ ലഭിച്ച സെല്‍ഫ് ഗോളിന്റെ ആനുകൂല്യത്തില്‍ സ്ട്രോസ്ബര്‍ഗ് സമനില പിടിച്ചു.

മത്സരം സമനിലയിലേക്കെന്ന് തോന്നിച്ച സമയത്താണ് ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി എംബാപ്പ പി.എസ്.ജിയെ തോല്‍വി ഭാരത്തില്‍ നിന്നും രക്ഷിച്ചത്. ലീഗിലെ പോയിന്റ്നിരയില്‍ 44 പോയിന്റോടെ പി.എസ്.ജിയാണ് ഒന്നാം സ്ഥാനത്ത്. സ്ട്രാസ്ബര്‍ഗ് നിലവില്‍ 19ാം സ്ഥാനത്താണ്.



Sharing is Caring