‘മസ്‌തിഷ്‌കം ഭക്ഷിക്കുന്ന അമീബ’, ആശങ്കയായി അപൂ‌ര്‍വരോഗം

മസ്‌തിഷ്‌കം ഭക്ഷിക്കുന്ന അമീബ (നെഗ്ലേരിയ ഫൗലേരി) അണുബാധയേറ്റ് ദക്ഷിണ കൊറിയയില്‍ ഒരു മരണം. തായ്‌ലാന്‍ഡില്‍ നിന്ന് മടങ്ങിയെത്തിയ 50കാരനാണ് അപൂര്‍വരോഗം ബാധിച്ച്‌ മരിച്ചത്. ദക്ഷിണകൊറിയയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യകേസാണിത്.

നാല് മാസം തായ്‌ലാന്‍ഡില്‍ ചെലവഴിച്ചതിന് ശേഷം ഡിസംബര്‍ 10നാണ് ഇയാള്‍ ദക്ഷിണ കൊറിയയില്‍ തിരിച്ചെത്തിയത്. അന്ന് വൈകിട്ട് പനി, തലവേദന, ഛര്‍ദ്ദി, കഴുത്ത് വീക്കം, അവ്യക്തമായ സംസാരം തുടങ്ങിയ ലക്ഷണങ്ങള്‍ ഇയാള്‍ക്ക് അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് അടുത്തദിവസം ഇയാളെ അത്യാസന്ന വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡിസംബര്‍ 21നാണ് ഇയാള്‍ മരിച്ചത്.

മലിനമായ വെള്ളത്തില്‍ നീന്തുന്നതും അമീബയുടെ സാന്നിദ്ധ്യമുള്ള വെള്ളത്തില്‍ മുഖം കഴുകുന്നതുമാണ് രോഗം പകരാനുള്ള പ്രധാന മാ‌ര്‍ഗങ്ങള്‍. മൂക്കിലൂടെയാണ് ഇത് ശരീരത്തില്‍ പ്രവേശിക്കുന്നത്. പിന്നീടിത് മസ്തിഷ്ക അണുബാധയ്ക്ക് കാരണമാവും. എന്നാലിത് ഒരാളില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് പകരില്ലെന്ന് ആരോഗ്യവിദഗ്ദര്‍ പറയുന്നു.

സാധാരണയായി അണുബാധയേറ്റ് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ആദ്യ ലക്ഷണങ്ങള്‍ പ്രകടമാവുന്നത്. ഒന്ന് മുതല്‍ 12 ദിവസങ്ങള്‍ക്കുള്ളിലും ലക്ഷണങ്ങള്‍ പ്രകടമാവാം. തലവേദന, പനി, ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. പിന്നീട് കഴുത്ത് ഞെരുക്കം, ആശയക്കുഴപ്പം, ശ്രദ്ധക്കുറവ്, അപസ്മാരം, ഭ്രമം, കോമ എന്നീ ലക്ഷണങ്ങളും ഉണ്ടായേക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ചതിന് ശേഷം രോഗം അതിവേഗം തീവ്രമാവുകയും സാധാരണയായി ഏകദേശം അഞ്ച് ദിവസത്തിനുള്ളില്‍ മരണം സംഭവിക്കുകയും ചെയ്യുന്നു.(ഒന്ന് മുതല്‍ 18 ദിവസത്തിനുള്ളിലും മരണം സംഭവിക്കാം).

നെഗ്ലേരിയ ഫൗലേരി അപൂര്‍രോഗമായതിനാലും അണുബാധ പെട്ടെന്ന് വ്യാപിക്കുന്നതിനാലും ഫലപ്രദമായ ചികിത്സ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ആന്റിബയോട്ടിക്‌സ്, ആന്റിഫംഗല്‍സ്, ആന്റി- പാരസൈറ്റിക് ഏജന്റ്‌സ് എന്നിവയടങ്ങിയ മരുന്നുകളാണ് നിലവില്‍ ഇതിന്റെ ചികിത്സയ്ക്കായി നല്‍കിവരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *